മൃഗസംരക്ഷണ വാര്‍ത്തകള്‍

ജനുവരി 5, 2008

വിതുര ജഴ്സിഫാം ഒരു ക്ഷീര കര്‍ഷകന്റെ കാഴ്ചപ്പാടില്‍

Filed under: തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 9:35 am

സൗജന്യമായ സ്ഥലസൗകര്യങ്ങളും, തൊഴുത്തും ലഭ്യമാമെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ എത്ര ലക്ഷം രൂപയുടെ നഷ്ടം വിതുര ജഴ്സിഫാമിന് ഉണ്ടാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇരുപത്തിരണ്ട് പശുക്കളില്‍ നിന്നു കിട്ടുന്ന 250 ലിറ്റര്‍ പാല്‍ താല്കാലികമാണ്. വറ്റും കറവയാകുന്നതോടെ മുഴുവന്‍ പാല്‍ വിറ്റു കിട്ടുന്ന തുക കൊണ്ട് പശുക്കള്‍ക്കുപോലും തീറ്റ കൊടുക്കുവാന്‍ കഴിയില്ല. അതോടൊപ്പം 21 പശുക്കുട്ടികളെ വളര്‍ത്തി പ്രസവിക്കാറാകുന്നതുവരെ ശരാശരി 20,000 രൂപയുടെ ഏറ്റവും കുറഞ്ഞ ചെലവും കൂടി കണക്കാക്കണം. കൂടിയ വിലകൊടുത്ത് പശുക്കളെ വാങ്ങുകയും ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്തതുകാരണം പശുക്കളില്‍ ചിലതെങ്കിലും ചത്തുകിട്ടിയാല്‍ അത്രയും ലാഭം.

5-1-07 ലെ പത്രത്തില്‍ ലഭ്യമായ പുണ്ണാക്ക് കിലോഗ്രാമിന് വിലകള്‍ ചുവടെ ചേര്‍ക്കുന്നു.

  • തേങ്ങപ്പിണ്ണാക്ക് 9.50 രൂപ
  • കടലപ്പിണ്ണാക്ക് 15.50 രൂപ
  • എള്ളുപിണ്ണാക്ക് 12.00 രൂപ

പശു ഒന്നിന് എട്ടുകിലോഗ്രാം സമീകൃതാഹാരം 90.00 രൂപ, കറവക്കൂലി 10.00 രൂപ, ഖരാഹാരം 25.00 രൂപ (ഈ വിലയ്ക്ക് ചെറുകിട ക്ഷീരോത്പാദകര്‍ക്ക് ലഭിക്കുകയില്ല) , കുളിപ്പിക്കാനും തൊഴുത്ത് കഴുകുവാനും മറ്റും 10.00 രൂപ എന്നിവ കൂടാതെ വെള്ളം ലഭ്യമാക്കുവാനും ലൈറ്റിനും മറ്റുമായി വേറെയും ചെലവുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പശുവില്‍ നിന്ന് കിട്ടുന്ന പാല്‍ മുഴുവന്‍ വിറ്റുകിട്ടുന്ന തുക ആ പശുവിന് വേണ്ടി ചെലവാക്കേണ്ടിവരും. അതുപോലെ തന്നെ മദികാണിച്ച് പലപ്രാവശ്യം കുത്തിവെച്ചാലും പശുക്കള്‍  പശുക്കള്‍ ഗര്‍ഭം ധരിക്കാതിരിക്കുക, പ്രസവസംബന്ധമായ അസുഖങ്ങള്‍, ക്യാല്‍സ്യത്തിന്റെ കുറവ്, കീറ്റോണ്‍ ബോഡീസ്, അകിട് വീക്കം മുതലായവയും നഷ്ടത്തിന് കാരണമാകുന്ന ചില ഘടകങ്ങളാണ്. അതിനോടൊപ്പം ഒരു പശുക്കുട്ടിയെ വളര്‍ത്തുവാന്‍ 20,000 രൂപ എവിടെ നിന്നാണ് കണ്ടെത്തുക? പശു ഒന്നിന് ശരാശരി 10.00 രൂപയുടെ ചാണകം കിട്ടുന്നത് പോലും ലാഭം എന്ന് പരയുവാന്‍ കഴിയില്ല. അത് പ്രയോജനപ്പെടണമെങ്കില്‍ കുറെ നെല്‍കൃഷികൂടി ഏറ്റെടുക്കണം. ഉപഭോക്താവിന് നല്ല അരിയും കൂടി കിട്ടുമല്ലോ. വയ്കോല്‍ കാലിത്തീറ്റയും ആകും.

പൊതുജനത്തിന്റെ നികുതിപ്പണം ചെലവാക്കി ഉപഭോക്തൃസംരക്ഷണത്തിനുവേണ്ടി പാല്‍ ലഭ്യമാക്കുമ്പോഴുള്ള ചെലവും അതിലൂടെ വന്നുചേര്‍ന്ന നഷ്ടവും പൂഴ്തിവെയ്ക്കുവാന്‍ കഴിയില്ലല്ലോ. എന്തായാലും ഇതേ രീതിയില്‍ മില്‍മ, ക്ഷീര പോലുള്ള മില്‍ക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ക്കുകൂടി ആവശ്യത്തിന് പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ ലഭ്യമാക്കുന്നത് നല്ലതാണ്. ഒന്നുമില്ലെങ്കില്‍ പൊതുമേഖലയായതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരില്ലല്ലോ.

ജനുവരി 4, 2008

വിതുര ജഴ്സിഫാം

Filed under: തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 3:17 pm

3-1-08

വിതുര ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയത് രഹസ്യമായെന്ന് പരാതി

വിതുര: ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ ഭാരവാഹികളുടെയും പങ്കാളിത്തമില്ലാതെയാണ് വിതുര അടിപറമ്പ് ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയതെന്ന് പരാതി. അഞ്ചുലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാക്കി 20 നാടന്‍ പശുക്കളെയാണ് ഈ മാസം ആദ്യം ഫാമിലേക്ക് വാങ്ങിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഫാം ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ മൃഗഡോക്ടര്‍മാര്‍, ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗം, തൊഴിലാളി പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതിക്കായിരുന്നു പശുക്കളെ വാങ്ങാനുള്ള ചുമതല. എന്നാല്‍ ഈ സമിതിയുടെ ആദ്യയോഗം മാത്രമേ നടന്നുള്ളൂവെന്നാണ് ആക്ഷേപം. ഫാമില്‍ കറവ തുടങ്ങിയശേഷമാണ് സമിതിയിലെ പലരും പശുക്കളെ വാങ്ങിയതറിഞ്ഞത്.

നെടുമങ്ങാട് താലൂക്കിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് പശുക്കളെ വാങ്ങിയത്. ഇടനിലക്കാരുടെ സഹായത്തോടെയായിരുന്നു ഇത്.

ശരാശരി 25,000 രൂപയ്ക്ക് മുകളില്‍ ഒരു പശുവിന് വിലയായിട്ടുണ്ട്. എന്നാല്‍ ഇവയുടെ പാലുല്പാദനം അത്രത്തോളം മെച്ചമല്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിതുര ജഴ്സിഫാമില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പശുക്കളെ വാങ്ങിയത്. ഇതില്‍ അഴിമതി ഉണ്ടാവാതിരിക്കാന്‍ കൂടിയാണ് ബന്ധപ്പെട്ടവരുടെ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്.

കുറച്ച് ആടുകള്‍ മാത്രം അവശേഷിച്ച നിലയില്‍ ജഴ്സിഫാം ഏറെനാളായി അനാധാവസ്ഥയിലായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്ത പദ്ധതികളിലൂടെ ഫാം ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. പക്ഷേ, നവീകരണത്തിന്റെ പേരിലുള്ള അഴിമതി അനുവദിക്കാനാവില്ലെന്ന് അടിപറമ്പ് നിവാസികള്‍ പറയുന്നു. ഒരുകാലത്ത് നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിതുര ജഴ്സിഫാമിനെ തകര്‍ത്തതും ഇത്തരം അഴിമതികളായിരുന്നു.

അതേസമയം ഫാമിനുവേണ്ടി ആത്മാര്‍ഥമായി ജോലിചെയ്തത് ഇഷ്ടപ്പെടാത്ത ചിലരാണ് ദുഷ്പ്രചരണത്തിന് പിന്നിലെന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള ഡോ. ഷാജി റഹ്മാന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു.

4-1-08

വിതുര ജഴ്സിഫാം പ്രവര്‍ത്തനം സുതാര്യമെന്ന് ജില്ലാ പഞ്ചായത്തംഗം

വിതുര : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിതുര അടിപ്പറമ്പ് ജഴ്സിഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും പശുക്കളെ വാങ്ങിയത് രഹസ്യമായിട്ടാണെന്ന ജനുവരി മൂന്നിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലാ പഞ്ചായത്തംഗം എസ്.സഞ്ജയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പ്രാദേശീക കര്‍ഷകരില്‍ നിന്നും പശുക്കളെ വാങ്ങുന്നതിന് ആറു ലക്ഷം രൂപയാണ് അനുവദിച്ചത്. പശു വാങ്ങലിനായി രൂപവത്ക്കരിച്ച സമിതി നേരില്‍ക്കണ്ട് ബോധ്യപ്പെട്ട പശുക്കളെയാണ് വാങ്ങിയത്. 22 പശുക്കളെയും 21 കന്നുക്കുട്ടികളെയും വാങ്ങിയതിന് 4,84,000 രൂപ ചെലവായതായി സഞ്ജയന്‍ പറഞ്ഞു. ഇവയെ ഇന്‍ഷ്വര്‍ ചെയ്തതിന് 40,000 രൂപ, മരുന്ന് വാങ്ങിയതിന് 15,000 രൂപ, തൊഴുത്തിന്റെ അറ്റകുറ്റപ്പണിക്ക് 15,000 (വൈദ്യുതീകരണം, പ്ലമ്പിംഗ്, തറ), പശുക്കളെ കൊണ്ടുവന്നതിനും മറ്റും 21,000 രൂപ എന്നിങ്ങനെയും ചെലവ് വന്നിട്ടുണ്ട്. പ്രതിദിന പാലുല്പാദനം 250 നു മുകളിലാണെന്നും ജില്ലാ പഞ്ചായത്തംഗം അറിയിച്ചു.

ലേഖകന്റെ വിശദീകരണം

വിതുര ജഴ്സി ഫാമിലെ പശുവാങ്ങലിനെപ്പറ്റി ഉയര്‍ന്ന ആക്ഷേപങ്ങളെ കൂടുതല്‍ പ്രസക്തമാക്കുകയാണ് ജില്ലാ പഞ്ചായത്തംഗത്തിന്റെ പ്രസ്താവന. അതനുസരിച്ച് ശരാശരി ഒരു പശുവില്‍നിന്ന് കിട്ടുന്ന പരമാവധി പാല്‍ 11.3 ലിറ്ററാണ്. ഇത് പശുവിന്റെ വിലയുമായി പൊരുത്തപ്പെടുന്നില്ല. കാലിത്തൊഴുത്തിന്റെ വൈദ്യുതീകരണത്തിനും പ്ലമ്പിങ്ങിനും മറ്റുമായി 15,000 രൂപ ചെലവാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനായി പ്രാദേശികാടിസ്ഥാനത്തില്‍പ്പോലും ദര്‍ഘാസ് വിളിച്ചില്ല. പശു വാങ്ങലിനായി രൂപവത്ക്കരിച്ച സമിതി ഒറ്റ യോഗമേ കൂടിയിരുന്നുള്ളുവെന്ന ‘മാതൃഭൂമി’ വാര്‍ത്തയിലെ പരാമര്‍ശം ജില്ലാ പഞ്ചായത്തംഗം നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പശുവാങ്ങലിന് രഹസ്യ സ്വഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ ഇത് സാധൂകരിക്കുന്നു.

വാര്‍ത്തകള്‍ക്ക് കടപ്പാട്- മാതൃഭൂമി

പഴയ ചില പോസ്റ്റുകള്‍

Filed under: പലവക — കേരളഫാര്‍മര്‍ @ 3:10 pm

കര്‍ഷകരുടെ ശ്രദ്ധയ്ക്ക് എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്