മൃഗസംരക്ഷണ വാര്‍ത്തകള്‍

ഫെബ്രുവരി 14, 2008

മില്‍മയുടെ നഷ്ടത്തെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി

Filed under: മില്‍മ — കേരളഫാര്‍മര്‍ @ 1:06 pm

തിരുവനന്തപുരം: കാലാകാലങ്ങളില്‍ പാല്‍വില വര്‍ധിപ്പിച്ചിട്ടും മില്‍മയ്ക്ക് നഷ്ടം സംഭവിക്കുന്നതെന്താണെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എം.സി. സഞ്ജീവ്പട്ജോഷിക്ക് മന്ത്രി സി. ദിവാകരന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ നഷ്ടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മില്‍മയുടെ വരവുചെലവ് കണക്കുകള്‍, പ്രവര്‍ത്തനശൈലി, കൊഴുപ്പും കൊഴുപ്പിതരഖരപദാര്‍ത്ഥങ്ങളും അടിസ്ഥാനമാക്കി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പ്രതിഫലം എന്നിവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ സ്വന്തം തീരുമാനപ്രകാരമാണ് വില ഉറപ്പിച്ച് പാല്‍ വാങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ സൊസൈറ്റികള്‍ക്ക് നല്‍കുന്ന തുക ഇവിടത്തെ കര്‍ഷകര്‍ക്ക് നല്‍കിയാല്‍ കൂടുതല്‍ പാല്‍ സംഭരിക്കാന്‍ കഴിയില്ലേയെന്ന് മന്ത്രി മില്‍മ എം.ഡി.യോട് ആരാഞ്ഞിട്ടുണ്ട്.

ആവശ്യമില്ലാത്ത തസ്തികകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഏതാനും വര്‍ഷം മുമ്പുവരെയും ലാഭത്തിലായിരുന്നു മില്‍മ.

പാല്‍വില ഉയര്‍ത്താന്‍ ധാരണയായ ഫിബ്രവരി 8ന് തന്നെയാണ് നഷ്ടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മന്ത്രി സഞ്ജീബ് പട്ജോഷിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ആന്ധ്രപ്രദേശിലായിരുന്ന ജോഷി ബുധനാഴ്ച മടങ്ങിവന്നിട്ടേയുള്ളൂ. ഉടന്‍ ഇത് സംബന്ധിച്ച അന്വേഷണം നടക്കുമെന്നാണ് അറിയുന്നത്.

കടപ്പാട്- മാതൃഭൂമി 14-02-08

Advertisements

ഫെബ്രുവരി 11, 2008

സര്‍ക്കാര്‍ സഹായത്തോടെ മില്‍മ റിച്ചാവുന്നു

Filed under: മില്‍മ — കേരളഫാര്‍മര്‍ @ 10:08 am

കര്‍ഷകരില്‍നിന്നും 14 രൂപയ്ക്ക് പാല്‍ സംഭരിച്ച് അതില്‍ നിന്ന് നിശ്ചിത ശതമാനം വെണ്ണ നീക്കം ചെയ്തശേഷം വെള്ളവും പാല്‍പ്പൊടിയും കൂട്ടിക്കലര്‍ത്തി 24 രൂപയ്ക്ക് തൈര് വില്‍ക്കുവാന്‍ കഴിയുന്ന മില്‍മ റിച്ച് ആകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അറിയുവാനുള്ള അവകാശം വിനിയോഗിച്ച് പ്രതി വര്‍ഷം മില്‍മ വാങ്ങിയതെത്ര വിറ്റതെത്ര എന്ന ഒരു കണക്ക് ലഭിച്ചാല്‍ എത്രലക്ഷം ലിറ്റര്‍ വെള്ളം പാലായിമാറി എന്ന് മനസിലാക്കുവാന്‍ കഴിയും. ഇതോടൊപ്പം ചുവടെകാണുന്ന പത്രവാര്‍ത്തയും വായിക്കുക.

മില്‍മ വീണ്ടും റിച്ച് പാല്‍ വിപണിയിലിറക്കുന്നു

തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ച റിച്ച് പാല്‍ മില്‍മ വീണ്ടും വിപണിയിലിറക്കുന്നു. കൊഴുപ്പ് കൂട്ടിയ ഈ പാലിന് 22 രൂപയാണ് പുതിയ വില. വിവാഹപ്പാര്‍ട്ടികള്‍ക്കും ഹോട്ടലുകാര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയംകരമായ പാലെന്ന നിലയിലാണ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ വീണ്ടും റിച്ച് പാല്‍ കമ്പോളത്തിലെത്തിക്കുക. നേരത്തേ സര്‍ക്കാര്‍ പാല്‍വില കൂട്ടാതെ വന്ന സാഹചര്യത്തില്‍ താരതമ്യേന വിലകൂടിയ മില്‍മ റിച്ച് പാല്‍ കൂടുതലിറക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കാന്‍ മില്‍മ നിര്‍ബന്ധിതമാകുകയായിരുന്നു.

നിലവില്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച രണ്ടുരൂപ മില്‍മയുടെ നഷ്ടം നികത്താന്‍ പര്യാപ്തമല്ലാത്തതാണ് റിച്ച് പാല്‍ വീണ്ടും ഇറക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള പാല്‍വരവ് പകുതിയായി കുറഞ്ഞതോടെ മഹാരാഷ്ട്രയിലേക്ക് പോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ മില്‍മയ്ക്ക് മുന്നിലുള്ളത്. അങ്ങനെ വന്നാല്‍ 4.30 രൂപയുടെ നഷ്ടമാണുണ്ടാവുക. കര്‍ണാടകത്തില്‍ നിന്നും ഇപ്പോള്‍ നഷ്ടത്തിലാണ് പാലെടുക്കുന്നത്. രണ്ടുരൂപ കൂട്ടിയെങ്കിലും മില്‍മയ്ക്ക് ലഭിക്കുന്നത് 30 പൈസ മാത്രമാണ്. ഇനിയും കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ് പാലിനൊപ്പം റിച്ച് പാലും വില്‍പ്പനയ്ക്കെത്തിക്കാന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സൂചന.

പാലിനൊപ്പം പാല്‍ ഉത്പ്പന്നങ്ങള്‍ക്കും വില ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ തന്നെ ഏറെ ആവശ്യക്കാരുള്ള മില്‍മയുടെ ഒരു ലിറ്റര്‍ തൈരിന് ഇനി മുതല്‍ 24 രൂപ നല്‍കേണ്ടിവരും. ഫിബ്രവരി 12 നാണ് വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ ഇതിന് 22 രൂപയായിരുന്നു വില.

അതേസമയം പാല്‍ വിലവര്‍ദ്ധന സാധാരണക്കാരന്റെ കുടുംബബജറ്റ് അവതാളത്തിലാക്കിയിരിക്കുകയാണ്. നഗരവാസികളാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാല് രൂപയാണ് പാല്‍ വില ഉയര്‍ന്നത്. നഗരപ്രദേശത്തുള്ളവര്‍ മിക്കവാറും ആശ്രയിക്കുന്നത് മില്‍മയെയാണ്. ഇവര്‍ക്കാകട്ടെ ടോണ്‍ഡ് പാല്‍ ലഭിച്ചില്ലെങ്കില്‍ റിച്ച് പാല്‍ വാങ്ങേണ്ടിയും വരും. ഗ്രാമീണ മേഖലയില്‍ മില്‍മയെ ആശ്രയിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണ്. ഗാര്‍ഹിക ഉത്പാദകരില്‍ നിന്ന് ലഭിക്കുന്ന പാലിന് മില്‍മപാലിന്റെ വില നല്‍കേണ്ടതുമില്ല. രണ്ടു മുതല്‍ മൂന്നുരൂപവരെ വിലകുറച്ച് പാല്‍ കിട്ടുന്നതോടൊപ്പം വിശ്വാസത്തോടെ വാങ്ങാമെന്നതും ഇവര്‍ക്ക് അനുഗ്രഹമാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നഗരങ്ങളില്‍ ചേക്കേറിയിട്ടുള്ള ജീവനക്കാരടക്കമുള്ളവര്‍ക്കാണ് പാല്‍വിലവര്‍ദ്ധന ഇരുട്ടടിയാകുന്നത്. മാത്രവുമല്ല ഉയര്‍ന്നവില നല്‍കിയാലും യഥേഷ്ടം പാല്‍ കിട്ടാത്ത സ്ഥിതിയും ഇവര്‍ക്കുണ്ട്.

എന്നാല്‍ അടിയന്തരമായി പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിനോട് മന്ത്രി സി. ദിവാകരന് താത്പര്യമുണ്ടായിരുന്നില്ല. മില്‍മ ചെയര്‍മാനടക്കമുള്ള പ്രതിനിധികള്‍ക്ക് വില ഉയര്‍ത്താമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റേയും കേന്ദ്രമന്ത്രി ശരത്പവാറുമായുള്ള ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായത്. വില കൂട്ടിയില്ലെങ്കില്‍ പാലെടുക്കില്ലെന്ന മില്‍മയുടെ ഭീഷണി സര്‍ക്കാരിന്റെ മുന്നില്‍ വിലപ്പോകില്ലെന്ന് പരസ്യമായി വെല്ലുവിളിച്ച മന്ത്രി വിലവര്‍ദ്ധനയെ സംബന്ധിച്ച് മില്‍മാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കടപ്പാട്- മാതൃഭൂമി 11-02-08 

കൂടാതെ മംഗളം വാര്‍ത്തയും കൂട്ടിച്ചേര്‍ത്ത് വായിക്കുക.

കാശില്ലെങ്കിലും ലക്ഷങ്ങള്‍ മുടക്കി കാശിക്കു പോകാന്‍ മില്‍മ ഉന്നതര്‍

ഫെബ്രുവരി 6, 2008

കേരളജനതക്ക് ശുദ്ധമായ പശുവിന്‍പാല്‍ ………………………..

Filed under: ക്ഷീരോത്പാദനം — കേരളഫാര്‍മര്‍ @ 5:55 pm

മില്‍മയും മാറി മാറി ഭരിച്ച സര്‍ക്കാരുകളും കേരളത്തിലെ മൃഗസംരക്ഷണം ഇന്നത്തെ നിലയില്‍ എത്തിച്ചു. എന്നാല്‍ മില്‍മയെ മുഖ്യപ്രതിയാക്കിയും ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരും തന്നെ സത്യം മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. 1983 മുതല്‍ 2005 വരെ ഒരു യൂണിവേഴ്സിറ്റി രണ്ടാം ഗ്രേഡ് ഉദ്യോഗസ്ഥന് 10.51 % ശമ്പള വര്‍ദ്ധനരേഖപ്പെടുത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊത്തമായി ഉണ്ടായ ശമ്പള വര്‍ദ്ധനവിന്റെ അനുപാതം തന്നെയാണ്. കാര്‍ഷിക മേഖലയിലും ക്ഷീരോത്പാദനമേഖലയിലും അത്തരം ഒരു വളര്‍ച്ച കൈവരിക്കുവാന്‍ കഴിയാതെ പോയത് ഇവ രണ്ടും തകരുവാന്‍ കാരണമായി. വര്‍ദ്ധിച്ചുവരുന്ന ഐ.ടി മേഖലയുടെ കുതിപ്പും ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ ശമ്പളവും ഇടനിലക്കാരുടെ സ്വാധീനത്താല്‍ അതിന്റെ ഒരംശം പോലും കര്‍ഷകരില്‍ എത്തുന്നില്ല. ഭക്ഷ്യക്ഷാമവും പാല്‍ക്ഷാമവും പരിഹരിക്കുവാന്‍ ജനറ്റിക് എഞ്ചിനീയറിങ്ങ് ആണ് എന്ന് മുറവിളി കൂട്ടുന്നവര്‍ ഒന്ന് മനസിലാക്കണം മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ ഒരു ജനറ്റിക് എഞ്ചിനീയറിങ്ങിനും കഴിയില്ല എന്നത്. മണ്ണില്‍നിന്ന് ഊറ്റിയെടുത്ത് തല്‍ക്കാലം പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞാലും അത് സര്‍വ്വ നാശത്തിനും വഴിവെയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്ഷീരോല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ മിതമായി പാല്‍തരുന്ന രോഗപ്രതിരോധശേഷിയുള്ള നമ്മുടെ പ്രകൃതിക്കിണങ്ങിയ പശുക്കളുടെ എണ്ണം കൂടുകയും അവയെ ലാഭകരമായി വളര്‍ത്തുവാന്‍ കഴിയുകയും വേണം. ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും, പാല്‍ വിപണന സംഘങ്ങളും കര്‍ഷകരെ ചൂഷണം ചെയ്യുക മാത്രമല്ല ഉത്പാദന ചെലവ് പരിഗണിക്കാതെ പാല്‍ വിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്. 1992 ല്‍ 3.25 രൂപയ്ക്ക് പാല്‍ വിറ്റിരുന്ന എനിക്ക് ലാഭം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പാല്‍ വിലയിലെ കുറവ് പരിഹരിക്കത്തക്കവിധം താണവിലക്ക് കാലിത്തീറ്റ ലഭ്യമാക്കി 5.50 രൂപ പ്രതിലിറ്റര്‍ വിലയ്ക്ക് പാല്‍ സംഭരിച്ച് 6.00 രൂപയ്ക്ക് വിറ്റിരുന്നത് സംഭരണവില 12.00 രൂപയായപ്പോള്‍ വിപണനവില 17.00 രൂപയായി. (ഇതെനിക്കറിയാവുന്ന ഏകദേശ കണക്കാണ്) ചുരുക്കിപ്പറഞ്ഞാല്‍ ഒരു രൂപ ലാഭത്തില്‍ 13.00 രൂപയ്ക്ക് വില്‍ക്കുവാന്‍ കഴിയണമായിരുന്നു. ഇത്തരത്തിലൊരു ആനുപാതിക വര്‍ദ്ധനവിന് പകരം പാലില്‍ നിന്ന് വെണ്ണയും നീക്കം ചെയ്ത് വെള്ളവും പാല്‍പ്പൊടിയും ചേര്‍ക്ക് സുന്ദരമായ പാല്‍ക്കവറുകളില്‍ വിപണിയില്‍ എത്തിക്കുന്നു. ഉപഭോക്താവ് എന്ന ജനത്തിനും അതാണ് ഇഷ്ടം. ശുദ്ധമായ പാല്‍ ആര്‍ക്കും കഴിക്കുവാന്‍ പാടില്ല എന്ന് ചില ഡോക്ടര്‍മാരും സഹായത്തിനുണ്ട്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് ഇതിനൊരപവാദം തന്നെ. ക്ഷീരോദ്പാദക സംഘങ്ങള്‍ 12.60 രൂപയ്ക്ക് ക്ഷീരകര്‍ഷകനില്‍ നിന്ന് പാല്‍ വാങ്ങി അവിടെവെച്ച് 17 രൂപയ്ക്ക് വില്കുന്ന സംഭവവും ഈ മേഖലയിലെ പ്രശനങ്ങള്‍ക്കൊരുദാഹരണമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് രൂപ ഒരുകിലോ എള്ളിന്‍ പിണ്ണാക്കിന് വിലയുണ്ടായിരുന്നപ്പോള്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് കര്‍ഷകന് ആറുരൂപ ലിറ്ററൊന്നിന് വില ലഭിക്കുമായിരുന്നു. പിണ്ണാക്കിന് അഞ്ചിരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ പാല്‍ വില ഇരട്ടിയായി. അവിടെ മനസിലാക്കാം ക്ഷീരകര്‍ഷകരുടെ ആമേഖല കൈയ്യൊഴിയുവാനുള്ള തീരുമാനം. 2001-02 ല്‍ 27 ലക്ഷം ടണ്‍ പാല്‍ ഉദ്പാദിപ്പിച്ച സംസ്ഥാനം 2005-06 ല്‍ 20 ലക്ഷമായി കുറഞ്ഞപ്പോള്‍ വിപണന സംഘങ്ങള്‍ക്ക് ചെലവിന് പണം ഉദ്പാദനം കുറഞ്ഞ പാലില്‍ നിന്ന് കണ്ടെത്തേണ്ടി വന്നു. അത് കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട വില ലഭ്യമാക്കാതെ കര്‍ഷകരെ ആ മേഖലയില്‍ നിന്ന് ആട്ടിയോടിക്കുകയല്ലെ ചെയ്തത്? കൂടുതല്‍ പാല്‍ നല്‍കുന്ന പശുക്കളെ വളര്‍ത്തി പരിഹാരം കാണാമെന്ന വ്യാമോഹം പൂവണിയില്ല. അത്തരത്തില്‍ ഒരു ശ്രമം ഇന്ന് പശു വളര്‍ത്തുന്നവരും പശുക്കളെ കയ്യൊഴിയുവാന്‍ കാരണമാകും. കാരണം ക്ഷീരോദ്പാദനം കൂടിയ പശുക്കള്‍ക്ക് രോഗ പ്രതിരോധശേഷിയും കുറവായിരിക്കും. മാത്രവുമല്ല പാലിനും ഗുണം കാണില്ല. മാത്രവുമല്ല പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമില്‍ വീഴുന്ന ചാണകം, ഗോമൂത്രം മുതലായവ മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് കാര്‍ഷികോത്പാദന വര്‍ദ്ധനവിനും കാരണമാകും.

കാര്‍ഷികമേഖലയുടെയും മൃഗസംരക്ഷണമേഖലയുടെയും നിലനില്‍പ്പിന് ഉദ്പാദനചെലവിന് മുകളിലുള്ള വില കര്‍ഷകര്‍ക്ക് കിട്ടിയേ തീരൂ. ബംഗാളില്‍ പക്ഷിപ്പനിക്ക് പിന്നാലെ മൃഗങ്ങള്‍ക്ക് ആന്ത്രാക്സ് വന്ന് ചാകുന്നു. വ്യാവസായിക വളര്‍ച്ച ഇതിന് പരിഹാരമാകുമോ? സര്‍ക്കാര്‍ ശ്രമത്തില്‍ വന്‍കിടക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഡയറികള്‍ തുടങ്ങിയാല്‍ തകരുന്ന കാര്‍ഷികമേഖലയ്ക്ക് ആക്കം കൂടുകയേ ഉള്ളു. കാരണം ഇവിടെ ലഭ്യമായ ചാണകം മുഴുവനും അവര്‍ തീറ്റപ്പുല്‍കൃഷിക്കായി വിനിയോഗിക്കുകയും നിലവിലുള്ള കര്‍ഷകര്‍ ക്ഷീരോദ്പാദനം അവയാനിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നീട് പാലിന്റെ വിലയുടെ നിര്‍ണയവും ഈ വന്‍കിടക്കാരുടെ കൈകളിലായി മാറും.

മനോരമ 07-02-08 ന് പ്രസിദ്ധീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.

കന്നുകാലികളുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ട് പൂഴ്ത്തി
തൊടുപുഴ: സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തോളം കുറവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍സസ് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പ് രഹസ്യമാക്കിവച്ചു. കന്നുകാലികളുടെ എണ്ണത്തിലെ ഭീമമായ കുറവ് കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ ലഭ്യത കുറയ്ക്കുമെന്ന ഭയത്താലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തത്.

ആദ്യ സെന്‍സസില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്നു ഘടന മാറ്റി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി വീണ്ടും കണക്കെടുപ്പു നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. സംസ്ഥാനത്തെ കടുത്ത പാല്‍ക്ഷാമത്തിന്റെ കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നാണു തീരുമാനം.

മുന്‍ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്തുള്ള 32 ലക്ഷം കന്നുകാലികളുടെ എണ്ണത്തിലാണു ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലൂടെ കോടികളുടെ ധനസഹായം നല്‍കിയിട്ടും ക്ഷീരകര്‍ഷകരെ കാലിവളര്‍ത്തലിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതു പരാജയമായി വിലയിരുത്തിയിരുന്നു.

അതിലുപരി കാലിവളര്‍ത്തലില്‍നിന്നുള്ള വ്യാപകമായ കൊഴിഞ്ഞുപോക്ക് സംബന്ധിച്ചു മുന്നറിയിപ്പു നല്‍കാനോ തടയുന്നതിനോ ഇരു വകുപ്പുകള്‍ക്കും സാധിച്ചില്ലെന്നു വിമര്‍ശനം ഉയര്‍ന്നു. പാല്‍ ഉല്‍പാദന രംഗത്തേക്കു കടക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ശ്രമത്തിലും കര്‍ഷകരെ ആകര്‍ഷിക്കാനും സഹായിക്കാനുമുള്ള യാതൊരു നടപടിയുമില്ല.

ഒരു പഞ്ചായത്തില്‍ 1500 പശുക്കളെ നല്‍കുന്ന വിദര്‍ഭ പാക്കേജ്, പശുഗ്രാമം, കന്നുകുട്ടി പരിപാലനം തുടങ്ങി കോടികളുടെ പദ്ധതികളാണു ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവയെല്ലാംതന്നെ ബോധവല്‍ക്കരണ പരിപാടികളിലും സെമിനാറുകളിലും പരിശീലനങ്ങളിലും പ്രഭാഷണങ്ങളിലും ഒതുങ്ങുന്നതാണ്. അതേസമയം കാലിവളര്‍ത്തലില്‍നിന്ന് ഒരു രൂപ പോലും വരുമാനം ഉയരുന്ന ഒരു പദ്ധതികളും ഇതുവരെ നടപ്പാക്കിയിട്ടില്ല.

മില്‍മ രണ്ടു പ്രാവശ്യം വില വര്‍ധിപ്പിച്ചിട്ടും കര്‍ഷകനു വര്‍ധനവിന്റെ പകുതിപോലും ലഭിച്ചില്ല. രണ്ടു വര്‍ധനവും അന്യസംസ്ഥാന പാല്‍ ലോബിയെയാണു സഹായിച്ചത്.

കൂടാതെ പദ്ധതികള്‍ കേമമായി നടത്തുമ്പോഴും അവയുടെ പ്രയോജനം സംബന്ധിച്ചു വിലയിരുത്തല്‍ നടത്താറില്ല. പകരം ഫണ്ട് ചെലവഴിച്ചതു മാത്രമാണ് ഇതു സംബന്ധിച്ച യോഗങ്ങളില്‍ പരിശോധിക്കുക.

വികലമായ നയങ്ങളോടെ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പാകട്ടെ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതിലും യാതൊരു മാനദണ്ഡവും പുലര്‍ത്താറില്ല. ഏകദേശം 450 പശുക്കളുള്ള മന്ത്രി സി. ദിവാകരന്റെ മണ്ഡലത്തിലെ പഞ്ചായത്തായ കരുനാഗപ്പിള്ളിയിലും 15000 ല്‍ ഏറെ പശുക്കളുള്ള അട്ടപ്പാടിയിലും ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാണ്.