മൃഗസംരക്ഷണ വാര്‍ത്തകള്‍

ജൂലൈ 12, 2011

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ

Filed under: ക്ഷീരോത്പാദനം — കേരളഫാര്‍മര്‍ @ 5:35 am

സൗകര്യങ്ങളില്ലാതെ ഹൈടെക് ഫാം തുറന്നു; ഇരുന്നൂറില്‍ അമ്പത് പശുക്കളും ചത്തു

തിരുവനന്തപുരം: കന്നുകാലി വികസന ബോര്‍ഡ് കുളത്തൂപ്പുഴയില്‍ ആരംഭിച്ച ഹൈടെക് ഡെയറി ഫാമിലേക്ക് വാങ്ങിയ 200 പശുക്കളില്‍ അമ്പതും ചത്തു. ഭക്ഷണവും വേണ്ടത്ര സൗകര്യങ്ങളുമില്ലാതെ പശുക്കളെ പാര്‍പ്പിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. പ്രതികൂല കാലാവസ്ഥയും ലക്ഷങ്ങളുടെ നഷ്ടത്തിന് കാരണമായി. സൗകര്യങ്ങള്‍ ഒരുക്കുന്നുതിന് മുമ്പുതന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിടുക്കത്തില്‍ ഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ജനവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫാമിനുള്ളില്‍ മാത്രം ചത്തത് പതിനെട്ടു പശുക്കള്‍. ഫാം സജ്ജമാകാന്‍ വൈകിയതിനാല്‍ പാലക്കാട്ടെ ധോണി ഫാമിലും മാട്ടുപ്പെട്ടി ഫാമിലും പാര്‍പ്പിച്ചിരിക്കുന്നതിനിടെ 32 പശുക്കളും ചത്തു. ശരാശരി 42,000 രൂപവരെയാണ് ഒരു പശുവിന്റെ വില. ഫാമില്‍ എത്തിച്ചപ്പോള്‍ 50,000 രൂപവരെ ചെലവായിട്ടുണ്ട്.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി എച്ച് എഫ് ഇനത്തില്‍പ്പെട്ട 200 പശുക്കളെയാണ് ഫാമിനായി വാങ്ങിയത്. ഇതില്‍ 124 പശുക്കളെയാണ് കുളത്തൂപ്പുഴയില്‍ എത്തിച്ചത്. അതില്‍ പതിനെട്ടെണ്ണമാണ് ഇതുവരെ ചത്തത്. ഫാമിലേക്ക് വാങ്ങിയവയില്‍ ബാക്കിയുള്ളവയെ ഇപ്പോഴും മാട്ടുപ്പെട്ടിഫാമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ചത്ത എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കണമെന്നില്ല.

പ്രതികൂല കാലാവസ്ഥക്കൊപ്പം തീറ്റപ്പുല്ലിന്റെ കുറവും പശുക്കളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം. പശുക്കള്‍ക്ക് യോജിച്ച കാലാവസ്ഥയല്ല കുളത്തൂപ്പുഴയിലേതെന്നാണ് നിഗമനം. കേരളത്തിലെ മറ്റുഫാമുകളെ അപേക്ഷിച്ച് അന്തരീക്ഷ ആര്‍ദ്രതയും ചൂടും കൂടുതലാണിവിടെ.

ഹൈടെക് ഫാമില്‍ 90 പശുക്കളില്‍ നിന്നായി ഇപ്പോഴത്തെ ശരാശരി ഉല്പാദനം 750 ലിറ്റര്‍ പാലാണ്. പ്രതിദിനം ഇരുപത്തിയഞ്ച് ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്നതാണ് എച്ച് എഫ് ഇനത്തില്‍പ്പെട്ട പശുക്കള്‍. എന്നാല്‍ കുളത്തൂപ്പുഴ ഫാമിലെ പശുക്കളുടെ ശരാശരി ഉല്പാദനം എട്ടുലിറ്റര്‍ മാത്രമാണ്.

230 പശുക്കളെവരെ പാര്‍പ്പിക്കാവുന്ന ഷെഡ്ഡാണ് ഇവിടെയുള്ളതെങ്കിലും കൂടുതല്‍ പശുക്കളെ എത്തിച്ചാല്‍ നല്‍കാനുള്ള തീറ്റപ്പുല്‍ കുളത്തൂപ്പുഴയില്‍ ലഭ്യമല്ല. തീറ്റപ്പുല്‍ ഇല്ലാത്തതിനാല്‍ നേരത്തെ ഇവിടെയുള്ള ഫാമിലെ കാളകളുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്. ഹൈടെക് ഫാമില്‍ ഓട്ടോമാറ്റിക് ഫീഡിങ് സിസ്റ്റം അടക്കമുള്ള പല സംവിധാനങ്ങളും സ്ഥാപിച്ചെങ്കിലും അവ പണിമുടക്കിയിരിക്കുകയാണ്. അയ്യായിരം ലിറ്റര്‍ ശേഷിയുള്ള മില്‍ക്ക് കൂളറുകള്‍ രണ്ടെണ്ണം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാലില്ലാത്തതിനാല്‍ അവ പരീക്ഷിക്കാന്‍ പോലും ആയിട്ടില്ല.

ഫാമില്‍ ഉല്പാദിപ്പിക്കുന്ന പാല്‍ ‘തൃപ്തി’ എന്ന പേരില്‍ പായ്ക്കറ്റ് പാലായി പുറത്തിറക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്. ഒരു കവര്‍ പാല്‍ പോലും ഇവിടെ നിന്ന് പുറത്തിറക്കിയിട്ടില്ല. പായ്ക്കിങ് മെഷീന്‍ തുരുമ്പെടുത്തുതുടങ്ങി. വാങ്ങിക്കൂട്ടിയ പോളിത്തീന്‍ കവറുകളും പാഴായി. ഒരു ലിറ്റര്‍ പാലിന് ഇപ്പോള്‍ നൂറുരൂപ വരെയാണ് ഇവിടത്തെ ഉല്പാദനച്ചെലവ്. ഇത്തരത്തില്‍ ഫാം പ്രവര്‍ത്തിച്ചാല്‍ പ്രതിവര്‍ഷം ഒന്നരമുതല്‍ രണ്ടുകോടിവരെ നഷ്ടം സംഭവിക്കാമെന്നാണ് കണക്കാക്കുന്നത്. പഠനവും വിലയിരുത്തലുമില്ലാതെ മാട്ടുപ്പെട്ടിയിലും കോലാഹലമേട്ടിലും ഹൈടെക് ഫാമുകള്‍ക്ക് പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്.

Advertisements