മൃഗസംരക്ഷണ വാര്‍ത്തകള്‍

സെപ്റ്റംബര്‍ 7, 2011

വില കൂട്ടിയിട്ടും മില്‍മയ്ക്ക് പാല്‍ക്ഷാമം

Filed under: ക്ഷീരോത്പാദനം,മില്‍മ — കേരളഫാര്‍മര്‍ @ 6:52 am

തിരുവനന്തപുരം: വില കൂട്ടിയിട്ടും മില്‍മയുടെ പാല്‍ക്ഷാമം തീരുന്നില്ല. പ്രതിദിനം ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്നത്. ഓണമാകുന്നതോടെ പാല്‍ക്ഷാമം രൂക്ഷമാകാനാണ് സാധ്യത.

നിലവില്‍ 12 ലക്ഷം ലിറ്ററിലേറെ പാലാണ് മില്‍മ വിതരണം ചെയ്യുന്നത്. മില്‍മയുടെ ആഭ്യന്തര സംഭരണം ആറിനും ഏഴുലക്ഷം ലിറ്ററിനുമിടയിലാണ്. ക്ഷീരകര്‍ഷകര്‍ക്ക് മതിയായ വില നല്‍കിയാല്‍ ആഭ്യന്തര പാലുത്പാദനം വര്‍ധിക്കുമെന്നാണ് വിലകൂട്ടിയതിന് മില്‍മ പറഞ്ഞ വാദം. എന്നാല്‍ ഓണമായതോടെ മില്‍മയുടെ പ്രാഥമികസംഘങ്ങളില്‍ പ്രാദേശിക വില്പനയാണ് കൂടുതലായും നടക്കുന്നത്.

അഞ്ചുലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടകത്തില്‍ നിന്നും രണ്ടുലക്ഷം ലിറ്റര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് മില്‍മ സംഭരിക്കുന്നത്. കര്‍ണാടകത്തില്‍നിന്നും വാങ്ങുന്ന പാലിന് ലിറ്ററിന് 21.22 രൂപ നല്‍കണം. ഇതിനുപുറമെ മൂന്നുരൂപ ഗതാഗത ചെലവുമാവും. തമിഴ്‌നാട്ടില്‍ നിന്ന് ഒരു ലിറ്റര്‍ പാലിന് 21.28 രൂപയ്ക്കാണ് വാങ്ങുന്നത്. 1.50 രൂപ ഗതാഗതചെലവിനത്തിലും നല്‍കണം.

അഞ്ചുരൂപ ഒരു ലിറ്റര്‍ പാലിന് വര്‍ധിപ്പിക്കുമ്പോള്‍ 4.20 രൂപയും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ അറിയിച്ചത്. ഇതുപ്രകാരം 22.60 രൂപയാണ് വിലവര്‍ധനവിനുശേഷം ക്ഷീരകര്‍ഷകന് ലഭിക്കുക. മില്‍മതന്നെ നിയമിച്ച ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ഡോ. ഉണ്ണിത്താന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം ഒരുലിറ്റര്‍ പാലുത്പാദിപ്പിക്കാന്‍ ക്ഷീരകര്‍ഷകന് 26.20 രൂപ ആകുമെന്നാണ്. എന്നാല്‍ മില്‍മ ഇപ്പോള്‍ നല്‍കുന്നതാകട്ടെ 22.60 രൂപയാണ്. കൊഴുപ്പുകൂടിയ പാലിന് 23.50 രൂപയും നല്‍കുന്നു.

മില്‍മ തിരുവനന്തപുരം മേഖല 4.80 ലക്ഷം ലിറ്റര്‍ പാല്‍വിതരണം ചെയ്യുമ്പോള്‍ 1.6 ലക്ഷം ലിറ്ററേ ആഭ്യന്തര സംഭരണമുള്ളൂ. കൊച്ചിമേഖല 3.26 ലക്ഷം ലിറ്റര്‍ വിതരണം ചെയ്യുമ്പോള്‍ 1.6 ലക്ഷം ലിറ്റര്‍ ആഭ്യന്തരമായി സംഭരിക്കുന്നു. മലബാര്‍ മേഖലയില്‍ മാത്രമാണ് ആഭ്യന്തര സംഭരണം കൂടുതലുള്ളൂ. ഇവിടെ 4.2 ലക്ഷം ലിറ്റര്‍ വിതരണം ചെയ്യുമ്പോള്‍ 4 ലക്ഷം ലിറ്ററും ആഭ്യന്തരമായി സംഭരിക്കുന്നു.

ഓണക്കാലത്ത് 18.50 നും 20 ലക്ഷം ലിറ്ററിനുമിടയില്‍ പാല്‍ വിപണിയിലെത്തിക്കാനാണ് മില്‍മയുടെ പദ്ധതി. ഓണക്കാലത്ത് ആഭ്യന്തരസംഭരണം ഇനിയും കുറയുമെന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കേണ്ടിവരുന്നത് മില്‍മയ്ക്ക് വെല്ലുവിളിയാവും.

കടപ്പാട് – മാതൃഭൂമി

Advertisements