മൃഗസംരക്ഷണ വാര്‍ത്തകള്‍

ഒക്ടോബര്‍ 21, 2011

എന്റെ പശുവിന്റെ ഭാരം ഒറ്റ ദിവസം കൊണ്ട് 50 കിലോ കുറഞ്ഞു

Filed under: തിരുവനന്തപുരം,പശു — കേരളഫാര്‍മര്‍ @ 11:48 am

ഇരട്ട കുട്ടികളെ പ്രസവിച്ച പശുവിന്റെ ഭാരം അന്‍പത് കിലോഗ്രാമോളം കുറഞ്ഞു. ആദ്യം പ്രസവിച്ചത് പെണ്‍കുഞ്ഞ്, രണ്ടാമത്തേത് പെണ്‍കുട്ടിയുടെ ഇരട്ടിയോളം ഭാരമുള്ള മൂരിക്കുട്ടന്‍. ആദ്യ പ്രസവം കഴിഞ്ഞ് രണ്ടാമതും ഒരു കൈയ്യും തലയും വെളിയിലേയ്ക്ക് വന്നത് വലിച്ചെടുക്കേണ്ടിവന്നു. പ്രസവിച്ചാലുടന്‍ കുട്ടിയുടെ മൂക്ക് പിഴിഞ്ഞ് ശ്വസനം സാധ്യമാക്കും. മറ്റെ കൈ പിന്നോട്ട് മടങ്ങിയിരിക്കുകയായിരുന്നു. രണ്ടാമതായതുകൊണ്ട് വലിയൊരു ബുദ്ധിമുട്ടൊഴിവായിക്കിട്ടി.  പ്രസവിച്ചാലുടന്‍ തുണിമുറുക്കി കഴുത്തില്‍ കെട്ടി കയറുകൊണ്ട് പശുവിനടുത്ത് കെട്ടിയിടും. അതിനാല്‍ ദൂരത്തേയ്ക്ക് കുട്ടി പോകില്ല. രണ്ടും പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ വളര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടായേനെ.  ഇന്നലെ രാത്രി പത്ത് മണിക്കുശേഷമായിരുന്നു പ്രസവം.  പതിനൊന്നു മണിയടുപ്പിച്ച് മഞ്ഞപ്പാല്‍ കറന്നെടുത്ത് ഏകദേശം ഓരോ ലിറ്റര്‍ വീതം കുട്ടികളെ വിരല്‍ വെച്ച് കുടിപ്പിച്ചു. ആറുമാസം പ്രായമായ പശുക്കുട്ടിക്ക് ഒരു ലിറ്റര്‍ പാലില്‍ അത്രയും വെള്ളം ചേര്‍ത്ത് കുടിപ്പിച്ചു. ബാക്കി വന്ന അഞ്ച് ലിറ്ററോളം മഞ്ഞപ്പല്‍ ബയോഗ്യാസ് പ്ലാന്റിലൊഴിക്കേണ്ടിവന്നു. ഉത്തരേന്ത്യയില്‍ സ്വാദിഷ്ടവും വിലപിടിപ്പുള്ള ബേക്കറി പലഹാരമായി മാറുന്ന മഞ്ഞപ്പാല്‍ കേരളത്തില്‍ പാഴാക്കുന്നു. അത്തരം സാങ്കേതിക വിദ്യകള്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലൊരു കാര്യമായിരിക്കും. ഷെഡിനുള്ളിലേയ്ക്ക് നോക്കിയിരിക്കുന്ന കാക്കയെ മുകളിലുള്ള ചിത്രത്തില്‍ കാണാം. കാക്ക ശല്യം ഒഴിവാക്കാനായി പ്ലാസ്റ്റിക് നെറ്റുകൊണ്ട് കുട്ടികള്‍ക്ക് മറയുണ്ടാക്കി. സൌകര്യം കിട്ടിയാല്‍ കാക്ക കുട്ടികളുടെ കുളമ്പിന്റെ അടിവശത്തുള്ള വെളുത്തഭാഗം തിന്നുകളയും. പൊക്കിളുകള്‍ നാലിഞ്ച് നീളത്തില്‍ നൂലുകൊണ്ട് കെട്ടിയ ശേഷം ബാക്കി മുറിച്ചുകളഞ്ഞു. എന്നിട്ട് ടിഞ്ചര്‍ അയഡിനില്‍ മുക്കിവിട്ടു. മാവ് അല്ലെങ്കില്‍ മറുപിള്ള വീണത് (അഞ്ച് മണിക്കൂറന് ശേഷം പശു കിടക്കുമ്പോള്‍ ചെറിയ പ്രഷറില്‍ വെളിയിലേയ്ക്ക് വലിക്കാം) രാവിലെ മൂന്ന് മണിക്ക്. അത് ബയോഗ്യാസ് പ്ലാന്റിന് ഭക്ഷണം.

പശു നക്കിയാലും മാറാത്ത മാച്ച് കുട്ടികളുടെ ശരീരത്തില്‍ അവശേഷിച്ചാല്‍ മുടി കൊഴിഞ്ഞ് തൊലികാണുന്ന അവസ്ഥ ഉണ്ടാവും. അതിനാല്‍ ഇന്ന് രാവിലെ രണ്ട് കുട്ടികളെയും കുളിപ്പിച്ച് വെയിലത്ത് കിടത്തി.