മൃഗസംരക്ഷണ വാര്‍ത്തകള്‍

നവംബര്‍ 22, 2012

മൃഗസംരക്ഷണവകുപ്പിന് ഒരു മുന്നറിയിപ്പ്

കേരളത്തിലെ നെല്‍പ്പാടങ്ങള്‍ നശിച്ചതുപോലെ മൃഗസംരക്ഷണവും തകര്‍ച്ചയുടെ വക്കിലേയ്ക്ക് നീങ്ങുകയാണ്. കേരളത്തിന്റെ കാര്‍ഷിക നയം രൂപവത്ക്കരിക്കുവാനായി നടന്ന ചര്‍ച്ചയിലും ക്രോസ്ബ്രീഡ് ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനമാണ് കൈക്കൊണ്ടത്. ക്രോസ്ബ്രീഡ് ഇനങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും, ഭാരിച്ച തീറ്റച്ചെലവും, സമയത്തിന് ചെനപ്പിടിക്കാത്തതും, പുതു തലമുറയ്ക്ക് മൃഗസംരക്ഷണത്തില്‍ താല്പര്യമില്ലാത്തതും എല്ലാം ഇതിന്റെ നാശത്തിന് വഴിവെയ്ക്കുകയാണ്. അഞ്ച് പശുവില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ അതിനുവേണ്ടി നിഷ്കര്‍ഷിക്കുന്ന നൂലാമാലകള്‍ വേറെയും. വ്യാവസായികാടിസ്ഥാനത്തില്‍ നടക്കുന്ന ക്ഷീരോത്പാദനത്തിനും അധികം ആയുസ്സുണ്ടാവുമെന്ന് തോന്നുന്നില്ല. അത്തരത്തിലെ പല ക്ഷീര കര്‍ഷകരും പശുക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതായി കാണാം. വെറ്റിറനറി യൂണിവേഴ്‌സിറ്റിയുടെ  ഗവേഷണഫലമായ ബീറ്റാകേസിന്‍ എഒണ്‍ എന്ന വിപത്തും യൂണിവേഴ്‌സിറ്റിയുടെ സൈറ്റില്‍നിന്നും മറച്ചുവെച്ചിരിക്കുകയാണ്. കേരളത്തില്‍ വില്‍ക്കുന്ന കവര്‍ പാലുകളില്‍ ഏറിയ പങ്കും ഗുണനിലവാരമില്ലാത്തതാണ് എന്നത് അങ്ങാടിയില്‍ പാട്ടാണ്. ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് ക്രോസ്ബ്രീഡ് ഇനങ്ങള്‍ അറവുശാലകളിലേയ്ക്ക് പോകുന്നതാണ്. അതിന്റെ പ്രധാനകാരണം  ക്ഷീരോത്പാദകന് പ്രതീക്ഷയ്കനുസരിച്ച് ലാഭം കിട്ടുന്നില്ല എന്നതുതന്നെയാണ്.

അതേസമയം വടക്കന്‍ കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ കാസര്‍ഗോഡ് ഡ്വാര്‍ഫ്, വെച്ചൂര്‍ മുതലായ ഇനങ്ങളെ സന്തോഷത്തോടെ വളര്‍ത്തുന്നു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. അവിടെ ഒരു വനിതാ മൃഗഡോക്ടര്‍ ഇപ്പോള്‍ ഒന്നര വയസ്സു പ്രായമുള്ള കാസര്‍ഗോഡ് ഡ്വാര്‍ഫ് പശുക്കുട്ടിയെ പതിനായിരം രൂപ കൊടുത്ത് വാങ്ങി സന്തോഷത്തോടെ വളര്‍ത്തുന്നു. അവര്‍ പറയുന്നത് ഓഫീസ് സംബന്ധമായ ഒത്തിരി പണികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. രാത്രിയില്‍ ഉറക്കമൊഴിഞ്ഞിരുന്നാണ് ആ പണികള്‍ ചെയ്യുന്നത്. ഈ പശുക്കുട്ടിക്ക് തീറ്റ കൊടുക്കാന്‍ ബുദ്ധിമുട്ടേ ഇല്ല. ക്വാര്‍ട്ടേഴ്സിന്റെ ചുറ്റുപാടും ധാരാളം പുല്ലുണ്ട്. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ വീതം സമയം മതി അതിന്റെ ആഹാരത്തിന് പുല്ല് പറിച്ചെടുക്കാന്‍. വളരെക്കുറച്ച് തീറ്റ മതി എന്നത് ഇന്നത്തെ ചുറ്റുപാടില്‍ വളരെ ആശ്വാസം പകരുന്ന ഒന്നാണ്.  മറ്റൊരു വാഗ്ദാനം അവരെനിക്ക് തരുന്നത് തിരുവനന്തപുരത്ത് ഇത്തരം തനത് നാടന്‍ പശുക്കുട്ടികളെ വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ വേറെയും ഉണ്ടെങ്കില്‍ ഒരു ലോഡായി എത്തിക്കാന്‍ ശ്രമിക്കാം എന്നാണ്. അത്തരം രണ്ടു  പശുക്കുട്ടികളെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ്.

മൃഗസംരക്ഷണവകുപ്പും, ഉദ്യോഗസ്ഥരും ക്ഷീരോത്പാദന മേഖല നേരിടുന്ന വെല്ലുവിളികളെ മനസിലാക്കി നമ്മുടെ തനത് നാടന്‍ ഇനങ്ങളെ കര്‍ഷകരിലെത്തിക്കാന്‍ സഹായിക്കണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

‘Zero maintenance’

“My cows,” he points out, “are zero maintenance — they are native and do not need a high-input diet.” Read More >>>>

നവംബര്‍ 9, 2012

കേരള ക്ഷീര കര്‍ഷക ഡാറ്റാബാങ്ക്.

Filed under: Databank — കേരളഫാര്‍മര്‍ @ 5:53 am
Tags: , ,

പ്രീയ ക്ഷീര കര്‍ഷകരെ,

നിങ്ങളുടെ ഡയറിയെ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താംഇപ്രകാരം ക്ഷീര കര്‍ഷകരെ സംബന്ധിച്ച വിവരങ്ങള്‍ കാലാകാലങ്ങളില്‍ പരസഹായമില്ലാതെ ഓണ്‍ലൈനായി പുതുക്കുവാന്‍ കഴിയുന്ന ഒരു ഡാറ്റാബാങ്കില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം. മറ്റ് ക്ഷീരകര്‍ഷകരെക്കുറിച്ച് നിങ്ങള്‍ക്ക് മനസിലാക്കാം, ഓണ്‍ലൈനായ കര്‍ഷകരുമായി ചാറ്റ് ചെയ്ത് ആശയവിനിമയം നടത്താം, പശുക്കളെ വില്‍ക്കുവാനും വാങ്ങുവാനും മറ്റും പ്രയോജനപ്പെടുത്താം തുടങ്ങി ഓണ്‍ലൈനായി നമുക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം പ്രാവര്‍ത്തികമാക്കാം. ഈ ഡാറ്റാ ബാങ്കില്‍ ഡോക്ടര്‍മാര്‍ക്കും കര്‍ഷകരുമായി ആശയവിനിമയം ചാറ്റിലൂടെ സാധിക്കും. അനോണിമസ് ആയി മാത്രമെ ചാറ്റ് വിന്‍ഡോയില്‍പ്രത്യക്ഷപ്പെടുകയുള്ളു എന്നുമാത്രം. കേരളത്തിലെ വെറ്റിറനറി ഡോക്ടര്‍മാരുടെ സഹായ സഹകരണങ്ങള്‍ ഈ ഡാറ്റാ ബാങ്ക് അപ്ഡേറ്റ് ചെയ്യുന്നതില്‍ പ്രതീക്ഷിക്കുന്നു.

നവംബര്‍ 2, 2012

ക്ഷീരോത്പാദന മേഖല നേരിടുന്ന പ്രശ്നങ്ങള്‍

Filed under: ഗുണനിലവാരം,പശു,KVASU — കേരളഫാര്‍മര്‍ @ 8:58 am

ക്രോസ്‌ബ്രീഡ് പശുക്കളില്‍നിന്ന് ലഭിക്കുന്ന പാലില്‍ ബീറ്റാകേസിന്‍ A1 അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ലോകമെമ്പാടുമുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വെച്ചൂര്‍ പോലുള്ള തനത് നാടന്‍ ഇനങ്ങളിലെ ബീറ്റാകേസിന്‍ A2 ഹൃദ്രോഗത്തിനും, കൊച്ച് കുട്ടികളില്‍ ഉണ്ടാകുന്ന ഡയബറ്റിക്സിനും കാരണമാകുന്നില്ല എന്നുമാത്രമല്ല മറ്റ് അനേകം സവിശേഷതകള്‍ ഉള്ളതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  ഇത്തരം ഒരു പഠനം നടന്നതായിപ്പോലും കേരള വെറ്റിറനറി ഉദ്യോഗസ്ഥര്‍ക്കറിയില്ല. കാര്‍ഷിക നയം രൂപപ്പെടുത്തുവാനുള്ള ചര്‍ച്ചകളിലും വിദഗ്ധരുടെ അഭിപ്രായം ക്ഷീരോത്പാദനത്തിന് ക്രോസ്ബ്രീഡ് ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും നാടന്‍ ഇനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നുമാണ്.  ആറുപ്രസവത്തില്‍ക്കൂടുതല്‍ പരിപാലിക്കാന്‍ കഴിയാത്തതും, ഒരു പശുവിനുതന്നെ ആറോളം പശുക്കള്‍ക്ക് വേണ്ട തീറ്റ ആവശ്യമായി വരുന്നതും, കാലിത്തീറ്റ അമിതമായി കഴിക്കുന്നതിലൂടെ പെസ്റ്റിസൈഡുകളും മറ്റും പാലില്‍ കൂടുന്നതും, രോഗ ചികിത്സക്കായി നല്‍കുന്ന ഇഞ്ചെക്ഷനും മരുന്നുകളും മറ്റും പാലിലും ലഭ്യമാകുന്നതും നയം രൂപപ്പെടുത്തുന്നവര്‍ അറിയുന്നില്ല. ഇത്തരം തെറ്റായ നയങ്ങളെ ഭരണകൂട ഭീകരതയെന്നുമാത്രമെ വിശേഷിപ്പിക്കാന്‍ കഴിയൂ.

അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ പഞ്ചായത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്. കര്‍ഷകരെ സഹായിക്കുന്നതിനുപകരം പീഠനമുറകളാണ് നടപ്പിലാക്കപ്പെടുന്നത്. മൃഗസംരക്ഷണവകുപ്പ്  ഇന്‍സുമിനേഷനുവേണ്ടി മുപ്പത്തിയഞ്ചുരൂപ നിരക്കില്‍ കാശ് കൊടുത്ത് കെ.എല്‍.ഡി.എം.എം ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന ബീജം ഗുണനിലവാരമില്ലാത്തതിന് തെളിവാ​ണ് പശുക്കളെ പല പ്രാവശ്യം കുത്തിവെച്ചാലും ചെനപ്പിടിക്കാതെ പോകുന്നത്.  ഒരുകാലത്ത് പശുക്കുട്ടികള്‍ ക്ഷീരോത്പാദനം കൂടുവാന്‍ സഹായകമായി എങ്കില്‍ ഇന്ന് പശുക്കുട്ടികള്‍ വളര്‍ത്തിയെടുത്താല്‍ പാലുത്പാദനം കുറയുന്നതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്യസംസ്ഥാനങ്ങള്‍ക്ക് പ്രസ്തുത ബോര്‍ഡ് നല്ല ബീജം വില്‍ക്കുകയും ഗുണനിലവാരം ഇല്ലാത്ത ബീജം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തുവാന്‍ ബയോഗ്യാസ് പ്ലാന്റ് വേണമെന്നിരിക്കെ സ്ലറി എന്ന പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ അധികാരികള്‍ക്കോ, മൃഗസംരക്ഷണവകുപ്പിനോ യൂണിവേഴ്സിറ്റിക്കോ കഴിയുന്നില്ല.

മലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധമകറ്റുവാനും ലീച്ചിംഗ് ഒഴിവാക്കിയുള്ള കമ്പോസ്റ്റിംഗ് സാധ്യമാണെന്നിരിക്കെ ചാണകം പ്രയോജനപ്പെടുത്തുവാനുള്ള സംരംഭങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ജൈവമാലിന്യങ്ങളും, വിഷലിപ്തമായ ജൈവേതരമാലിന്യങ്ങളും കൂട്ടിക്കലര്‍ത്തി ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് കത്തിച്ച് പരിഹാരമില്ലാത്ത വിപത്തുകള്‍ക്ക് വഴിയൊരുക്കുകയാണ് ഭരണാധികാരികള്‍. വികേന്ദ്രീകൃത രീതിയില്‍ ഉറവിടത്തില്‍ നിന്ന് വേര്‍തിരിച്ച് സംഭരിക്കുന്ന ജൈവമാലിന്യങ്ങളെ വളരെ ലളിതമായി കുടുംബശ്രീ, ജനശ്രീ പോലുള്ളവരുടെ സേവനം ലഭ്യമാക്കി പരിഹാരം കാണാമെന്നിരിക്കെ അത്തരം ഒരു ഗവേഷണ ഫലം ശരിയായ രീതിയില്‍ പൊതുജനങ്ങളിലെത്തിക്കുന്നതില്‍ വെറ്റിറനറിയൂണിവേഴ്സിറ്റിയും താല്പര്യം കാണിക്കുന്നില്ല. സൈറ്റില്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സൈറ്റ് അഡ്മിനോടാവശ്യപ്പെട്ടാല്‍ കിട്ടുന്ന മറുപടി നിരാശാജനകമാണ്. മേലില്‍ സൈറ്റ് അഡ്മിന് കത്തയക്കരുതെന്നും, അഡ്മിന്‍ യൂണിവേഴ്സിറ്റി സ്റ്റാഫിനോട് മാത്രമെ കത്തിടപാട് നടത്തൂ എന്നുമാണ്. വിദേശ വിദഗ്ധരെ ക്ഷണിച്ചുവരുത്തി അനേകായിരങ്ങള്‍ പാഴാക്കുന്ന പ്രസ്തുത യൂണിവേഴ്സിറ്റി കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യുന്നു എന്ന് യൂണിവേവ്സിറ്റിയുടെ സൈറ്റ്  പരിശോധിക്കാവുന്നതാണ്.

70 പശുക്കളെ വളര്‍ത്തിയിരുന്ന ആന്റോ എന്ന ക്ഷീര കര്‍ഷകന്‍ 77-ാം വയസ്സില്‍ ഒരു സഹായത്തിനായി തിരുവനന്തപുരത്ത് നെട്ടോട്ടത്തിലാണ്. ഇതാണ് ഒരു പരിചയസമ്പന്നനായ ക്ഷീര കര്‍ഷകന്റെ ഗതി എങ്കില്‍ ഒരു പുതുമുഖത്തിന്റെ ഗതി എന്താവും? അദ്ദേഹത്തെ ഇന്റെര്‍വ്യൂ ചെയ്ത് ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നതായിരിക്കും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളാത്ത കാര്യങ്ങള്‍ ലോകം അറിയട്ടെ!!!!!