മൃഗസംരക്ഷണ വാര്‍ത്തകള്‍

ജൂലൈ 7, 2014

വെറ്ററിനറി വി.സി ക്ഷീര കര്‍ഷകരെയും കേരളീയ ജനതയെയും കബളിപ്പിക്കുന്നു.

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം,KVASU — കേരളഫാര്‍മര്‍ @ 6:26 am

കൊച്ചു പശുവും വലിയ വിവാദവും (Courtesy Dr B Ashok)

ഡോ. ബി. അശോക്

നിങ്ങൾ പലരും കരുതുന്നതുപോലെ പതിനഞ്ചും ഇരുപതും ലിറ്റർ പ്രതിദിനം പാൽ തരുന്ന അഥവാ വാഗ്ദാനം ചെയ്യുന്ന സുനന്ദിനി അഥവാ ഹോൾസ്റ്റയിൻ – ജഴ്‌സിപ്പശുക്കൾക്കൊന്നുമല്ല കേരളത്തിൽ വില. പ്രതിദിനം രണ്ടു ലിറ്റർ പാൽ കഷ്ടി തരുന്ന ലോകത്തിലെ ഒരു പക്ഷേ ഏറ്റവും ചെറിയ പശുവിനാണ് ഇന്ന് ലക്ഷം രൂപയിലധികം മാർക്കറ്റിൽ മോഹവില വിലയുള്ളത്. ‘വെച്ചൂർ’ പശുവാണ് ഈ വിലയേറിയ ‘മിനി’ പശു.

നൂറിലധികം വെച്ചൂർ പശുക്കളെ തേടിപ്പിടിച്ച് അന്നത്തെ കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെച്ചൂർ പശു സംരക്ഷണ പദ്ധതിയുണ്ടാക്കുമ്പോൾ ഡോ. ശോശാമ്മ ഐപ്പ് എന്ന ഗവേഷകയ്ക്ക് എതിരായിരുന്നു സകലരും. മൃഗസംരക്ഷണ വകുപ്പ് സങ്കരയിനം പശുക്കളുടെ ബ്രീഡിംഗ് നടത്തിയിരുന്ന കെ.എൽ.ഡി.ബി എന്നിങ്ങനെ സകലരുടെയും പ്രയോഗങ്ങളെ നേരിട്ടാണ് ഡോ.ഐപ്പ് എന്ന പരിശ്രമശാലിയായ ഗവേഷക ഈ പശുക്കളുടെ ഒരു ന്യൂക്ലിയസ് ഹേർഡ് സൃഷ്ടിച്ചെടുത്തത്.

എന്നാൽ പദ്ധതി തുടങ്ങി 15 വർഷത്തിലധികമായിട്ടും വെച്ചൂർ പശുവിന്റെ ജനിതക മേന്മയെക്കുറിച്ച് ഒരു ആധികാരിക രൂപം ആവിഷ്‌കരിക്കാൻ ഗവേഷകർക്കായിട്ടില്ല.

പശു ജനസ്സുകളില്ലാത്ത കേരളത്തിലെ ജനുസ്സ് (കാസർകോഡ് കുള്ളൻ പശു മറ്റൊരിനമാണ്) എന്ന മട്ടിൽ ഒരു കൗതുക പ്രാധാന്യം ഇന്ന് വെച്ചൂരിനുണ്ട്. വെച്ചൂരിന് ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെട്ടിട്ടുള്ള മേന്മകളാണ് കുട്ടികൾക്കും രോഗബാധിതർക്കും അനുയോജ്യമായ അതിലെ ചെറിയ കൊഴുപ്പുകണങ്ങളും മെച്ചപ്പെട്ട ഇമ്മ്യൂണോഗ്ലോബുലിൻ ഘടകങ്ങളും. ഇതിന്റെ പാൽ കഴിക്കുന്നവരുടെ  രോഗപ്രതിരോധ ശേഷിയെ പൊതുവിൽ ഇവ ഉദ്ദീപിപ്പിച്ചേക്കാം. എന്നൊരു ഒഴുക്കൻ മട്ടിലുള്ള നിരീക്ഷണമല്ലാതെ ഏതൊക്കെ രോഗങ്ങളെ എത്ര തോതിൽ പ്രതിരോധിക്കുമെന്നോ ഭക്ഷ്യ ഘടകമെന്ന നിലയിൽ വെച്ചൂർ പശുവിനുള്ള മേന്മയോ ഒന്നും ഇന്നുവരെ വേണ്ടത്ര വലിയ ഒരു സാമ്പിളിൽ പഠനം നടത്തി ആരും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. തെളിവുകൾ ‘Grey’ ഇനത്തിലുള്ളതാണെന്നർത്ഥം.

ഗവേഷകരുടെ മറ്റൊരു വാദം വെച്ചൂർ പശുവിന് സുനന്ദിനിയെക്കാൾ  അന്തരീക്ഷ ഊഷ്മാവിനെയും അന്തരീക്ഷ ഈർപ്പത്തെയും പ്രതിരോധിക്കാനുള്ള പ്രോട്ടീൻ ഘടന രക്തത്തിലുണ്ട് എന്നതാണ്. ‘സുനന്ദിനി’  വിദേശികളായ പല ജനസ്സുകളുടെയും ക്രോസായതിനാൽ അന്തരീക്ഷ പ്രതിപ്രവർത്തനം പ്രതിരോധിക്കാൻ താരതമ്യേന ശേഷിക്കുറവുണ്ടാകും എന്നതിന് പ്രത്യേകിച്ച് ഒരു പുതിയ ഗവേഷണവും ആവശ്യമില്ല. നൂറു കണക്കിന് പഠനങ്ങൾ ഇതിനകം തെളിയിച്ചിട്ടുള്ള വാദം തന്നെയാണത്. എന്നാൽ ഈ മേന്മ വെച്ചൂർ പശു തെളിയിക്കേണ്ടത് സുനന്ദിനിയോടല്ലാ ഇതര തനതു ഇന്ത്യൻ ജനുസ്സുകളോടുള്ള താരതമ്യത്തിലാണ്. ഇത്തരം ഭിന്ന ജനസ്സുകളെ സംഘടിപ്പിച്ചു കൊണ്ടുള്ള ഒരു താരതമ്യ പഠനവും നാളിതുവരെ നടന്നിട്ടില്ല.

പശ്ചാത്തലമിതായിരിക്കെ സംരക്ഷിത ഇനത്തിലുള്ള പശുക്കിടാങ്ങളെ വിതരണം ചെയ്യുന്നതിന് സർവ്വകലാശാലയിലെ പരിമിതമായ സംരക്ഷണ പദ്ധതിയ്ക്ക് ഏറെ പരിമിതികളുണ്ട് എന്നതാണ് വസ്തുത. വെറും 112 പശുക്കളേ അവിടെയുള്ളൂ.അഞ്ചു വർഷത്തേക്ക് കിടാങ്ങളെ വിതരണം ചെയ്യേണ്ടതില്ല എന്ന തീരുമാനം സാങ്കേതിക സമിതി എടുത്തിരിക്കുന്നതും കേന്ദ്ര സ്റ്റോക്ക് ആവശ്യത്തിനു വർദ്ധിക്കട്ടെ എന്നു കരുതിയാണ്. ഇതിനിടെ വെച്ചൂർ കിടാങ്ങളെ നൽകുന്ന യഥേഷ്ടം സ്വകാര്യ ഫാമുകൾ കേരളത്തിലുണ്ട് എന്നതും കർഷകർ അറിയേണ്ടതുണ്ട്. അവിടെയൊക്കെ മാർക്കറ്റ് വില അരലക്ഷം മുതൽ ലക്ഷം വരെയാണ്. സർവ്വകലാശാല ഫാമിൽ 5000/- രൂപയ്ക്കാണ് ‘അത്ഭുതപ്പശുവിനെ’ ആവശ്യക്കാർക്ക് നൽകിക്കൊണ്ടിരുന്നത്. ഈ ‘വില ഗ്യാപ്പ്’ ചില മിടുക്കന്മാർ മണത്തറിഞ്ഞതാണ് വെറും ഒരു വർഷം കൊണ്ട് അപേക്ഷകരുടെ എണ്ണം ആയിരത്തിലധികമായത്.

5000/- രൂപയ്ക്ക് സർവ്വകലാശാലയിൽ നിന്നും വാങ്ങുന്ന വെച്ചൂർ കിടാവിനെ ഉടനടി ലക്ഷം രൂപയ്ക്ക് മറിച്ച് വിൽക്കാം എന്ന ലാഭ സാധ്യതയാണ് ഇതിനു പിന്നിലെ ഒരു പ്രേരണ. ഒരാൺ പശുവും ഒരു പെൺപശുവും വേണ്ടതാണ് എന്ന അഭ്യർത്ഥനകളും ഏറെയാണ്. വർഷം തോറും പ്രസവിക്കുന്ന അത്ഭുതപ്പശു ഒന്നാന്തരം ഒരു കാമധേനുവല്ലെ? പാൽ രണ്ടു ലിറ്ററെയുള്ളൂവെങ്കിലും കിടാവിനു തന്നെ അരലക്ഷം രൊക്കം കിട്ടുകയല്ലേ? ഇത്തരത്തിൽ വെച്ചൂർ പശു സംരക്ഷണ – പ്രജനന പദ്ധതികളും ഏറെ സർവ്വകലാശാലയുടെ മുന്നിലെത്തി. പാലിനെക്കാൾ കിടാവിനു വിലയിടുന്ന സ്ഥിതിയാണിത്.

ഉത്തമ ലക്ഷ്യത്തോടെ പശുവിനെ വേണം എന്നാഗ്രഹിക്കുന്നവരില്ല എന്നല്ല. ചുരുക്കം ചിലരുണ്ട്. എന്നിരിക്കിലും സിനിമാതാരങ്ങൾ വരെ വീട്ടിൽ പരിപാലിയ്ക്കാനാഗ്രഹിക്കുന്ന ഈ കൊച്ചു കാമധേനു ചില്ലറ മാർക്കറ്റു മോഹവിലയുമല്ല സൃഷ്ടിച്ചിരിക്കുന്നത്.

സർവ്വകലാശാലാ വിസിയായ ശേഷം ഏറ്റവുമധികം പേർ എന്നോടാവശ്യപ്പെട്ടതും എങ്ങനെയെങ്കിലും ഈ അത്ഭുതപ്പശുവിനെ സംഘടിപ്പിച്ചു തരണം എന്നാകുന്നു. വെച്ചൂർ സംരക്ഷണ പദ്ധതിയുടെ ഫയൽ പഠിച്ചാൽ ആരും ഈ പശുക്കിടാവിനെ വേണ്ടതാണ് എന്നു പറയുകയില്ല. ഒരു പ്രത്യേക സിദ്ധി വിശേഷവും തെളിയിച്ചിട്ടില്ലാത്ത, സർവ്വ സാധാരണത്വം മാത്രം അവകാശപ്പെടാവുന്ന കേരളത്തിലെ മറ്റൊരു ‘ചെറുത്’ മാത്രമാണ് വെച്ചൂർ പശുക്കൾ. കവികൾ കുറിയ്ക്കുന്ന റൊമാന്റിക് വരികൾ കൊണ്ട് മേന്മയുള്ള ഒരു ജനുസ്സും ഉണ്ടാകില്ല. ഇനി വെച്ചൂരിന് നിയതമായ ജനിതക പാരിസ്ഥിതിക മേന്മയുണ്ട് എന്ന് നാളെ തെളിഞ്ഞാൽ തന്നെ അതിന്റെ പകർത്താവുന്നതും വർഗ്ഗമേന്മ വരുത്തുന്നതുമായ ജനിതകത്തിനു മാത്രമേ ഗവേഷണ പ്രാധാന്യം ഉള്ളൂ.  മറ്റു ജനസ്സുകളിലും സംക്രമിപ്പിക്കാവുന്നവയാണോ ഈ മേന്മാ ഘടകങ്ങൾ? ഇതുറപ്പില്ല.

ഇതു പഠിക്കുന്നതിന് ആദ്യം വേണ്ടത് വേണ്ടത്ര ജനിതക വൈവിദ്ധ്യമുള്ള ഒരു ന്യൂക്ലിയസ് സ്റ്റോക്കാണ്. ഈ പദ്ധതിയിൽ നേരിടുന്ന വൈതരണിയും ഇതു തന്നെ. നിലവിലുള്ള പശുക്കളെല്ലാം ജനിതകമായി ഏറെ പരസ്പരം വ്യത്യസ്തരല്ല. അടുത്ത ബന്ധുക്കളുടെയിടയിൽ നിന്നും സംക്രമണ പഠനങ്ങൾ നടത്താൻ ഏറെ പരിമിതികളുണ്ട്. വെച്ചൂരിന്റെ മേന്മാ അപചയങ്ങൾ 10% പോലും ഉദ്ഗ്രഥിതമായി ആരും ഇതുവരെ പഠിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇനിയും പതിറ്റാണ്ടുകളുടെ ഗവേഷണ ശ്രമം ഇതിനു വേണ്ടി വരും. നമ്മുടെ സാഹചര്യങ്ങളിൽ ഇത് ഇതിലധികം നീണ്ടാലും അത്ഭുതപ്പെടാനില്ല. വെച്ചൂർ പശുക്കളുടെ ബീജവും അണ്ഡവും ശേഖരിച്ചു സൂക്ഷിച്ചു വരുന്നുണ്ട്.

ഈ പഠനങ്ങൾ വെച്ചൂരിന്റെ സാംഗത്യം വെളിവാക്കും വരെ ഇത്തരം ജനുസ്സുകളെ വിതരണം ചെയ്യലും വളർത്തലും ഒഴിവാക്കുകയാണ് നല്ലത്. കേവല കൗതുകത്തിന്റെ പേരിൽ ഒരു ജനുസ്സിനെ വാങ്ങി വീട്ടിൽ വളർത്തുന്നതിന്നാന്നും ആരും എതിരില്ല. കൗതുക വളർത്തലിന് ആരും എതിരില്ല. എന്നാൽ പ്രജനനം ഏറെ സൂക്ഷിച്ചു വേണ്ടതാണ്.

എന്നാൽ അതേ സമയം 5000/- രൂപയ്ക്ക് വെച്ചൂർ പശുക്കുട്ടിയെ വാങ്ങി സങ്കരയിനവുമായി ചേർത്തു പോലും ലാഭമുണ്ടാക്കാം എന്ന കച്ചവടക്കണ്ണിനെ നന്നായി നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ഈ ചരിത്രമൊന്നുമറിയാതെയാവും പല പ്രമുഖരും ‘ഒരു രണ്ടു പശുക്കുട്ടിയെ തന്നാലെന്താ’ എന്ന മട്ടിൽ ഇടപെടുന്നത്. കാര്യമില്ലാതെയാണ് ഈ ജനുസ്സിനെ പലരും സ്വന്തമാക്കാൻ ഒരുമ്പെടുന്നത്. ഗവേഷണ ഭാഷയിൽ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത മികവു സാധ്യതാ (Indeterminate Potential) മാത്രമേ വെച്ചൂരിനുള്ളൂ. ഇക്കാര്യം അറിഞ്ഞുകൊണ്ടുള്ള സമീപനമായിരിക്കും നല്ലത്. വസ്തുത വ്യക്തമാക്കാനാണ് ഇത്രയും എഴുതിയത്.

അടിക്കുറിപ്പ്

അദ്ദേഹം വൈസ്ചാന്‍സലറായിട്ടുള്ള യൂണിവേഴ്സിറ്റിയുടെ കീഴില്‍ നടന്ന പഠനങ്ങള്‍ ഇദ്ദേഹം കണ്ടില്ല എന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്? ഡോ.മുഹമ്മദ് സമര്‍പ്പിച്ച പഠനം ഇദ്ദേഹം കണ്ടിട്ടെ ഇല്ലെ?  ദിഹിന്ദു ദിനപത്രത്തില്‍ ശ്രീ സായിനാഥ് എഴുതിയ ലേഖനം ഇദ്ദേഹം വായിച്ചില്ലെ? ദേവിന്ദര്‍ ശര്‍മ്മയുടെ ബ്ലോഗ് പോസ്റ്റ് ഇദ്ദേഹം വായിച്ചിട്ടുണ്ടോ? ഡൌണ്‍ ടു എര്‍ത്തിലെ ബ്ലോഗ് പോസ്റ്റ് ഇദ്ദേഹം വായിച്ചിട്ടുണ്ടോ? ഒന്നുമില്ലെങ്കില്‍ ഇദ്ദേഹം Beta-casein A1 and A2 എന്ന് ഗൂഗിളില്‍ പരതി നോക്കിയിട്ടുണ്ടോ?

 

ഒരു അഭിപ്രായം ഇടൂ »

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )