മൃഗസംരക്ഷണ വാര്‍ത്തകള്‍

മാര്‍ച്ച് 8, 2012

പശുവിന്‍പാല്‍ കുടിക്കൂ കിഡ്നി മാറ്റിവെയ്ക്കൂ

Filed under: ഗുണനിലവാരം,ഘനലോഹങ്ങള്‍,പശു — കേരളഫാര്‍മര്‍ @ 10:03 am

വൃക്കയെ തകരാറിലാക്കുന്ന ഘനലോഹങ്ങള്‍ പശുവിന്‍ പാലിലും

നിലീന അത്തോളി

*പഠനം നടത്തിയത് കാസര്‍കോട്, വയനാട്, കഞ്ചിക്കോട് മേഖലകളില്‍
*കറുത്തീയം ശരീരത്തിലെത്തുന്നത് മുഴുവന്‍ അവയവങ്ങളേയും ബാധിക്കും
*കാഡ്മിയം വൃക്ക, കരള്‍, ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും

തൃശ്ശൂര്‍: വ്യാവസായികമേഖലയില്‍ ജീവിക്കുന്ന പശുക്കളുടെ പാലില്‍ ഘനലോഹങ്ങളുടെ അംശമുണ്ടെന്ന് പഠനം. വ്യവസായശാലകളുടെ സ്വാധീനം കന്നുകാലികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വെറ്ററിനറി സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വയനാട്, കാസര്‍കോട്, കഞ്ചിക്കോട് തുടങ്ങിയ മേഖലകളിലാണ് പഠനം നടത്തിയത്. കഞ്ചിക്കോട്ടെ പഠനത്തിന്റെ ഫലങ്ങളാണ് അപകടസൂചന തരുന്നത്. മറ്റു രണ്ടു സ്ഥലങ്ങളിലെ പഠനം പുരോഗമിക്കുകയാണ്.

പാലില്‍ ചെമ്പ്, രസം, കാഡ്മിയം, കറുത്തീയം തുടങ്ങിയവ അടങ്ങിയിട്ടുണ്ടോ എന്നാണ് പഠിച്ചത്. 0.1 പാര്‍ട്‌സ് പെര്‍ മില്യണ്‍ എന്ന അളവില്‍ കറുത്തീയവും കാഡ്മിയവും പാലില്‍ കണ്ടെത്തിയിട്ടുണ്ട്.ശരീരത്തില്‍ കറുത്തീയം നേരിട്ടെത്തുന്നത് മുഴുവന്‍ അവയവങ്ങളെയും ബാധിക്കും. ഈയത്തിന്റെ അംശമുള്ള പാല്‍ വളരെ നാള്‍ ഉപയോഗിക്കുന്നത് വൃക്കകളെ തകരാറിലാക്കും. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കാനും രക്തകോശങ്ങളെ നശിപ്പിക്കാനുമുള്ള ശേഷി കറുത്തീയത്തിനുണ്ടെന്ന് തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിജു കെ. ഗോപിനാഥ് പറയുന്നു.

കറുത്തീയത്തോളംതന്നെ അപകടകാരിയാണ് കാഡ്മിയവും. കാഡ്മിയം ശരീരത്തില്‍ ചെല്ലുന്നത് ശ്വാസകോശത്തെ ബാധിക്കും. വൃക്കരോഗങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും അര്‍ബുദത്തിനും എല്ലുപൊട്ടലിനും ഇത് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റിബയോട്ടിക് മരുന്നിന്റെ അംശങ്ങളും നേരിയ തോതില്‍ പാലില്‍ കണ്ടെത്തിയിട്ടുണ്ട്. അളവില്ലാതെ എത്തുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ മനുഷ്യന്റെ പ്രതിരോധശേഷിയെയും ചെറിയ തോതില്‍ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കേരളത്തില്‍ 1.8 ലക്ഷം ചെറുകിട വ്യവസായശാലകളും 500-ലധികം വന്‍കിട വ്യവസായശാലകളുമുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍, പെയിന്റ്, സ്റ്റീല്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒട്ടേറെ കമ്പനികള്‍ കഞ്ചിക്കോട്, എറണാകുളം തുടങ്ങിയ മേഖലകളിലുണ്ട്.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ വെറ്ററിനറി സര്‍വ്വകലാശാല അധ്യാപികയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. മൂന്നു വര്‍ഷത്തെ പഠന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കഞ്ചിക്കോട്ടെ വിവരങ്ങളാണ് തയ്യാറായിട്ടുള്ളത്.

കഞ്ചിക്കോട് മേഖലയിലെ ക്ഷീരകര്‍ഷകരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും പരാതിയെത്തുടര്‍ന്ന് പുല്ലിലും വെള്ളത്തിലും നടത്തിയ പഠനത്തില്‍ ലോഹാംശം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലാണ് പാലിലും രക്തത്തിലും പഠനം നടത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.

കടപ്പാട് – മാതൃഭൂമി