മൃഗസംരക്ഷണ വാര്‍ത്തകള്‍

നവംബര്‍ 22, 2012

മൃഗസംരക്ഷണവകുപ്പിന് ഒരു മുന്നറിയിപ്പ്

കേരളത്തിലെ നെല്‍പ്പാടങ്ങള്‍ നശിച്ചതുപോലെ മൃഗസംരക്ഷണവും തകര്‍ച്ചയുടെ വക്കിലേയ്ക്ക് നീങ്ങുകയാണ്. കേരളത്തിന്റെ കാര്‍ഷിക നയം രൂപവത്ക്കരിക്കുവാനായി നടന്ന ചര്‍ച്ചയിലും ക്രോസ്ബ്രീഡ് ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനമാണ് കൈക്കൊണ്ടത്. ക്രോസ്ബ്രീഡ് ഇനങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും, ഭാരിച്ച തീറ്റച്ചെലവും, സമയത്തിന് ചെനപ്പിടിക്കാത്തതും, പുതു തലമുറയ്ക്ക് മൃഗസംരക്ഷണത്തില്‍ താല്പര്യമില്ലാത്തതും എല്ലാം ഇതിന്റെ നാശത്തിന് വഴിവെയ്ക്കുകയാണ്. അഞ്ച് പശുവില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ അതിനുവേണ്ടി നിഷ്കര്‍ഷിക്കുന്ന നൂലാമാലകള്‍ വേറെയും. വ്യാവസായികാടിസ്ഥാനത്തില്‍ നടക്കുന്ന ക്ഷീരോത്പാദനത്തിനും അധികം ആയുസ്സുണ്ടാവുമെന്ന് തോന്നുന്നില്ല. അത്തരത്തിലെ പല ക്ഷീര കര്‍ഷകരും പശുക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതായി കാണാം. വെറ്റിറനറി യൂണിവേഴ്‌സിറ്റിയുടെ  ഗവേഷണഫലമായ ബീറ്റാകേസിന്‍ എഒണ്‍ എന്ന വിപത്തും യൂണിവേഴ്‌സിറ്റിയുടെ സൈറ്റില്‍നിന്നും മറച്ചുവെച്ചിരിക്കുകയാണ്. കേരളത്തില്‍ വില്‍ക്കുന്ന കവര്‍ പാലുകളില്‍ ഏറിയ പങ്കും ഗുണനിലവാരമില്ലാത്തതാണ് എന്നത് അങ്ങാടിയില്‍ പാട്ടാണ്. ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് ക്രോസ്ബ്രീഡ് ഇനങ്ങള്‍ അറവുശാലകളിലേയ്ക്ക് പോകുന്നതാണ്. അതിന്റെ പ്രധാനകാരണം  ക്ഷീരോത്പാദകന് പ്രതീക്ഷയ്കനുസരിച്ച് ലാഭം കിട്ടുന്നില്ല എന്നതുതന്നെയാണ്.

അതേസമയം വടക്കന്‍ കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ കാസര്‍ഗോഡ് ഡ്വാര്‍ഫ്, വെച്ചൂര്‍ മുതലായ ഇനങ്ങളെ സന്തോഷത്തോടെ വളര്‍ത്തുന്നു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. അവിടെ ഒരു വനിതാ മൃഗഡോക്ടര്‍ ഇപ്പോള്‍ ഒന്നര വയസ്സു പ്രായമുള്ള കാസര്‍ഗോഡ് ഡ്വാര്‍ഫ് പശുക്കുട്ടിയെ പതിനായിരം രൂപ കൊടുത്ത് വാങ്ങി സന്തോഷത്തോടെ വളര്‍ത്തുന്നു. അവര്‍ പറയുന്നത് ഓഫീസ് സംബന്ധമായ ഒത്തിരി പണികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. രാത്രിയില്‍ ഉറക്കമൊഴിഞ്ഞിരുന്നാണ് ആ പണികള്‍ ചെയ്യുന്നത്. ഈ പശുക്കുട്ടിക്ക് തീറ്റ കൊടുക്കാന്‍ ബുദ്ധിമുട്ടേ ഇല്ല. ക്വാര്‍ട്ടേഴ്സിന്റെ ചുറ്റുപാടും ധാരാളം പുല്ലുണ്ട്. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ വീതം സമയം മതി അതിന്റെ ആഹാരത്തിന് പുല്ല് പറിച്ചെടുക്കാന്‍. വളരെക്കുറച്ച് തീറ്റ മതി എന്നത് ഇന്നത്തെ ചുറ്റുപാടില്‍ വളരെ ആശ്വാസം പകരുന്ന ഒന്നാണ്.  മറ്റൊരു വാഗ്ദാനം അവരെനിക്ക് തരുന്നത് തിരുവനന്തപുരത്ത് ഇത്തരം തനത് നാടന്‍ പശുക്കുട്ടികളെ വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ വേറെയും ഉണ്ടെങ്കില്‍ ഒരു ലോഡായി എത്തിക്കാന്‍ ശ്രമിക്കാം എന്നാണ്. അത്തരം രണ്ടു  പശുക്കുട്ടികളെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ്.

മൃഗസംരക്ഷണവകുപ്പും, ഉദ്യോഗസ്ഥരും ക്ഷീരോത്പാദന മേഖല നേരിടുന്ന വെല്ലുവിളികളെ മനസിലാക്കി നമ്മുടെ തനത് നാടന്‍ ഇനങ്ങളെ കര്‍ഷകരിലെത്തിക്കാന്‍ സഹായിക്കണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

‘Zero maintenance’

“My cows,” he points out, “are zero maintenance — they are native and do not need a high-input diet.” Read More >>>>

Advertisements

ഫെബ്രുവരി 16, 2012

കാര്‍ഷിക സെമിനാര്‍ – ഒരു ദൂര്‍ദര്‍ശന്‍ അവതരണം

Filed under: കൃഷിദര്‍ശന്‍,തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 6:20 pm

മുഖ്യാതിഥി ശ്രീ കെ.ജയകുമാര്‍ ഐ.എ.എസ് തന്റെ അഭിപ്രായങ്ങള്‍ പങ്കെവെയ്കുകയാണ് ഒന്നാം ഭാഗത്തില്‍

ഒന്നാംഭാഗം

വാണിജ്യാടിസ്ഥാനത്തിലുള്ള ക്ഷീരോല്‍പാദനം

പങ്കെടുത്തവര്‍ ഇവരാണ്.

ഡോ. എന്‍.ആര്‍.ഉണ്ണിത്താന്‍, ഡോ. ആര്‍.വിജയകുമാര്‍, ഡോ. വേണുഗോപാല്‍, ഡോ. ഐസക് കെ തയ്യില്‍, ക്യാപ്റ്റന്‍ ലാജു ചെറിയാന്‍,  ഡോ.ജോര്‍ജ് തോമസ്, മാധവന്‍ പോറ്റി, ഡോ. ജെ.മോഹന്‍, പി.ആര്‍.ആര്‍ നായര്‍, ഡോ. അനി എസ് ദാസ്, ഡോ. ഡി.ജയചന്ദ്രന്‍, എസ്.ചന്ദ്രശേഖരന്‍ നായര്‍, ശിവപ്രസാദ്, വാസുദേവന്‍ നായര്‍, ഹരിലാല്‍, അരുണ്‍ദേവ്  മുതലായവരാണ്.

രണ്ടാംഭാഗം

മൂന്നാംഭാഗം

നാലാംഭാഗം

പാല്‍ – ഗുണനിലവാരം, ഭക്ഷ്യ സുരക്ഷിതത്വം

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ : ഡോ. എസ്.എസ്.റാണി, ഡോ. ഐസക് കെ തയ്യില്‍, ഡോ. എന്‍.ആര്‍ ഉണ്ണിത്താന്‍, വാസുദേവന്‍ നായര്‍, അവനീന്ദ്രനാഥന്‍, പി.ആര്‍.ആര്‍ നായര്‍ മുതലായവരാണ്.

അഞ്ചാംഭാഗം

ആറാംഭാഗം

കാലിത്തീറ്റ – പോഷകമൂല്യം, ഗുണനിലവാരം, പരിപാലനം

പങ്കെടുത്തവര്‍ – ഡോ. ഡി.ഷൈന്‍കുമാര്‍, ശിവപ്രസാദ്, എം.ബി. തോമസ്, ഡോ. സെന്തില്‍ മുരുഗന്‍, ഡോ. ജോസ് ജയിംസ്, ഡോ. എന്‍.ആര്‍.ഉണ്ണിത്താന്‍, ഡോ. കെ.ജി.സുമ, ഐസക് കെ തയ്യില്‍, ഡോ. അനി എസ് ദാസ്, അവനീന്ദ്രനാഥന്‍, അരുണ്‍ദേവ്, ഫ്രീമാന്‍, മാധവന്‍പോറ്റി, ഭുവനചന്ദ്രന്‍, ചന്ദ്രശേഖരന്‍ നായര്‍ മുതലായവരാണ്.

ഏഴാംഭാഗം

എട്ടാംഭാഗം

സഹായഹസ്തം – പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ്, വായ്പാസൌകര്യങ്ങള്‍

പങ്കെടുത്തവര്‍ –  ഡോ. ഷൈന്‍കുമാര്‍, ഡോ. അനി എസ് ദാസ്, ഐസക് കെ തയ്യില്‍, ഡോ. കെ.ജി. സുമ, ഡോ. എസ് ചന്ദ്രന്‍കുട്ടി, ഡോ. ജെ. മോഹന്‍, മനോജ്, ഡോ. മോഹന്‍ശങ്കര്‍, ജ്യോതിഷ്, അയ്യപ്പദാസ്, തോമസ് മുതലായവര്‍.

ഒന്‍പതാംഭാഗം (എം.പി ത്രീ ആയതുകാരണം നേരിട്ട് കേള്‍ക്കാം)

എല്ലാം ഒരു ഫോള്‍ഡറില്‍

ഒക്ടോബര്‍ 21, 2011

എന്റെ പശുവിന്റെ ഭാരം ഒറ്റ ദിവസം കൊണ്ട് 50 കിലോ കുറഞ്ഞു

Filed under: തിരുവനന്തപുരം,പശു — കേരളഫാര്‍മര്‍ @ 11:48 am

ഇരട്ട കുട്ടികളെ പ്രസവിച്ച പശുവിന്റെ ഭാരം അന്‍പത് കിലോഗ്രാമോളം കുറഞ്ഞു. ആദ്യം പ്രസവിച്ചത് പെണ്‍കുഞ്ഞ്, രണ്ടാമത്തേത് പെണ്‍കുട്ടിയുടെ ഇരട്ടിയോളം ഭാരമുള്ള മൂരിക്കുട്ടന്‍. ആദ്യ പ്രസവം കഴിഞ്ഞ് രണ്ടാമതും ഒരു കൈയ്യും തലയും വെളിയിലേയ്ക്ക് വന്നത് വലിച്ചെടുക്കേണ്ടിവന്നു. പ്രസവിച്ചാലുടന്‍ കുട്ടിയുടെ മൂക്ക് പിഴിഞ്ഞ് ശ്വസനം സാധ്യമാക്കും. മറ്റെ കൈ പിന്നോട്ട് മടങ്ങിയിരിക്കുകയായിരുന്നു. രണ്ടാമതായതുകൊണ്ട് വലിയൊരു ബുദ്ധിമുട്ടൊഴിവായിക്കിട്ടി.  പ്രസവിച്ചാലുടന്‍ തുണിമുറുക്കി കഴുത്തില്‍ കെട്ടി കയറുകൊണ്ട് പശുവിനടുത്ത് കെട്ടിയിടും. അതിനാല്‍ ദൂരത്തേയ്ക്ക് കുട്ടി പോകില്ല. രണ്ടും പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ വളര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടായേനെ.  ഇന്നലെ രാത്രി പത്ത് മണിക്കുശേഷമായിരുന്നു പ്രസവം.  പതിനൊന്നു മണിയടുപ്പിച്ച് മഞ്ഞപ്പാല്‍ കറന്നെടുത്ത് ഏകദേശം ഓരോ ലിറ്റര്‍ വീതം കുട്ടികളെ വിരല്‍ വെച്ച് കുടിപ്പിച്ചു. ആറുമാസം പ്രായമായ പശുക്കുട്ടിക്ക് ഒരു ലിറ്റര്‍ പാലില്‍ അത്രയും വെള്ളം ചേര്‍ത്ത് കുടിപ്പിച്ചു. ബാക്കി വന്ന അഞ്ച് ലിറ്ററോളം മഞ്ഞപ്പല്‍ ബയോഗ്യാസ് പ്ലാന്റിലൊഴിക്കേണ്ടിവന്നു. ഉത്തരേന്ത്യയില്‍ സ്വാദിഷ്ടവും വിലപിടിപ്പുള്ള ബേക്കറി പലഹാരമായി മാറുന്ന മഞ്ഞപ്പാല്‍ കേരളത്തില്‍ പാഴാക്കുന്നു. അത്തരം സാങ്കേതിക വിദ്യകള്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലൊരു കാര്യമായിരിക്കും. ഷെഡിനുള്ളിലേയ്ക്ക് നോക്കിയിരിക്കുന്ന കാക്കയെ മുകളിലുള്ള ചിത്രത്തില്‍ കാണാം. കാക്ക ശല്യം ഒഴിവാക്കാനായി പ്ലാസ്റ്റിക് നെറ്റുകൊണ്ട് കുട്ടികള്‍ക്ക് മറയുണ്ടാക്കി. സൌകര്യം കിട്ടിയാല്‍ കാക്ക കുട്ടികളുടെ കുളമ്പിന്റെ അടിവശത്തുള്ള വെളുത്തഭാഗം തിന്നുകളയും. പൊക്കിളുകള്‍ നാലിഞ്ച് നീളത്തില്‍ നൂലുകൊണ്ട് കെട്ടിയ ശേഷം ബാക്കി മുറിച്ചുകളഞ്ഞു. എന്നിട്ട് ടിഞ്ചര്‍ അയഡിനില്‍ മുക്കിവിട്ടു. മാവ് അല്ലെങ്കില്‍ മറുപിള്ള വീണത് (അഞ്ച് മണിക്കൂറന് ശേഷം പശു കിടക്കുമ്പോള്‍ ചെറിയ പ്രഷറില്‍ വെളിയിലേയ്ക്ക് വലിക്കാം) രാവിലെ മൂന്ന് മണിക്ക്. അത് ബയോഗ്യാസ് പ്ലാന്റിന് ഭക്ഷണം.

പശു നക്കിയാലും മാറാത്ത മാച്ച് കുട്ടികളുടെ ശരീരത്തില്‍ അവശേഷിച്ചാല്‍ മുടി കൊഴിഞ്ഞ് തൊലികാണുന്ന അവസ്ഥ ഉണ്ടാവും. അതിനാല്‍ ഇന്ന് രാവിലെ രണ്ട് കുട്ടികളെയും കുളിപ്പിച്ച് വെയിലത്ത് കിടത്തി.

മാര്‍ച്ച് 9, 2010

അര്‍ത്ഥസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതു കാരണം നെല്‍കൃഷിപോലെ ക്ഷീരോത്പാദനവും തകരും

Filed under: ക്ഷീരോത്പാദനം,തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 9:44 am

നവംബര്‍ 9, 2009

വിതുര ജഴ്സി ഫാമിനെ ഹൈടെക് ഫാമാക്കാന്‍ രണ്ടരക്കോടി

Filed under: തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 7:46 am

വിതുര: അടിപറമ്പ് ജഴ്സിഫാം ഹൈടെക് ഫാമാക്കി ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ടരക്കോടി രൂപ അനുവദിച്ചു. നബാര്‍ഡ് ഫണ്ടിലെ ആര്‍എസിഎഫില്‍നിന്നാണു തുക നല്‍കുന്നത്. ആധുനിക സൌകര്യങ്ങളോടുകൂടിയ കാലിത്തൊഴുത്തുകള്‍, മൃഗാശുപത്രി, പാലുല്‍പാദനം കൂട്ടാനുള്ള പദ്ധതികള്‍ എന്നിവ നടപ്പാക്കാനാണു തീരുമാനം. ഹൈടെക് ഫാമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനായി മന്ത്രി സി. ദിവാകരന്‍ 18നു ജഴ്സിഫാമിലെത്തും.

കടപ്പാട് – മനോരമ 9-11-09

ജനുവരി 5, 2008

വിതുര ജഴ്സിഫാം ഒരു ക്ഷീര കര്‍ഷകന്റെ കാഴ്ചപ്പാടില്‍

Filed under: തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 9:35 am

സൗജന്യമായ സ്ഥലസൗകര്യങ്ങളും, തൊഴുത്തും ലഭ്യമാമെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ എത്ര ലക്ഷം രൂപയുടെ നഷ്ടം വിതുര ജഴ്സിഫാമിന് ഉണ്ടാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇരുപത്തിരണ്ട് പശുക്കളില്‍ നിന്നു കിട്ടുന്ന 250 ലിറ്റര്‍ പാല്‍ താല്കാലികമാണ്. വറ്റും കറവയാകുന്നതോടെ മുഴുവന്‍ പാല്‍ വിറ്റു കിട്ടുന്ന തുക കൊണ്ട് പശുക്കള്‍ക്കുപോലും തീറ്റ കൊടുക്കുവാന്‍ കഴിയില്ല. അതോടൊപ്പം 21 പശുക്കുട്ടികളെ വളര്‍ത്തി പ്രസവിക്കാറാകുന്നതുവരെ ശരാശരി 20,000 രൂപയുടെ ഏറ്റവും കുറഞ്ഞ ചെലവും കൂടി കണക്കാക്കണം. കൂടിയ വിലകൊടുത്ത് പശുക്കളെ വാങ്ങുകയും ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്തതുകാരണം പശുക്കളില്‍ ചിലതെങ്കിലും ചത്തുകിട്ടിയാല്‍ അത്രയും ലാഭം.

5-1-07 ലെ പത്രത്തില്‍ ലഭ്യമായ പുണ്ണാക്ക് കിലോഗ്രാമിന് വിലകള്‍ ചുവടെ ചേര്‍ക്കുന്നു.

  • തേങ്ങപ്പിണ്ണാക്ക് 9.50 രൂപ
  • കടലപ്പിണ്ണാക്ക് 15.50 രൂപ
  • എള്ളുപിണ്ണാക്ക് 12.00 രൂപ

പശു ഒന്നിന് എട്ടുകിലോഗ്രാം സമീകൃതാഹാരം 90.00 രൂപ, കറവക്കൂലി 10.00 രൂപ, ഖരാഹാരം 25.00 രൂപ (ഈ വിലയ്ക്ക് ചെറുകിട ക്ഷീരോത്പാദകര്‍ക്ക് ലഭിക്കുകയില്ല) , കുളിപ്പിക്കാനും തൊഴുത്ത് കഴുകുവാനും മറ്റും 10.00 രൂപ എന്നിവ കൂടാതെ വെള്ളം ലഭ്യമാക്കുവാനും ലൈറ്റിനും മറ്റുമായി വേറെയും ചെലവുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പശുവില്‍ നിന്ന് കിട്ടുന്ന പാല്‍ മുഴുവന്‍ വിറ്റുകിട്ടുന്ന തുക ആ പശുവിന് വേണ്ടി ചെലവാക്കേണ്ടിവരും. അതുപോലെ തന്നെ മദികാണിച്ച് പലപ്രാവശ്യം കുത്തിവെച്ചാലും പശുക്കള്‍  പശുക്കള്‍ ഗര്‍ഭം ധരിക്കാതിരിക്കുക, പ്രസവസംബന്ധമായ അസുഖങ്ങള്‍, ക്യാല്‍സ്യത്തിന്റെ കുറവ്, കീറ്റോണ്‍ ബോഡീസ്, അകിട് വീക്കം മുതലായവയും നഷ്ടത്തിന് കാരണമാകുന്ന ചില ഘടകങ്ങളാണ്. അതിനോടൊപ്പം ഒരു പശുക്കുട്ടിയെ വളര്‍ത്തുവാന്‍ 20,000 രൂപ എവിടെ നിന്നാണ് കണ്ടെത്തുക? പശു ഒന്നിന് ശരാശരി 10.00 രൂപയുടെ ചാണകം കിട്ടുന്നത് പോലും ലാഭം എന്ന് പരയുവാന്‍ കഴിയില്ല. അത് പ്രയോജനപ്പെടണമെങ്കില്‍ കുറെ നെല്‍കൃഷികൂടി ഏറ്റെടുക്കണം. ഉപഭോക്താവിന് നല്ല അരിയും കൂടി കിട്ടുമല്ലോ. വയ്കോല്‍ കാലിത്തീറ്റയും ആകും.

പൊതുജനത്തിന്റെ നികുതിപ്പണം ചെലവാക്കി ഉപഭോക്തൃസംരക്ഷണത്തിനുവേണ്ടി പാല്‍ ലഭ്യമാക്കുമ്പോഴുള്ള ചെലവും അതിലൂടെ വന്നുചേര്‍ന്ന നഷ്ടവും പൂഴ്തിവെയ്ക്കുവാന്‍ കഴിയില്ലല്ലോ. എന്തായാലും ഇതേ രീതിയില്‍ മില്‍മ, ക്ഷീര പോലുള്ള മില്‍ക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ക്കുകൂടി ആവശ്യത്തിന് പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ ലഭ്യമാക്കുന്നത് നല്ലതാണ്. ഒന്നുമില്ലെങ്കില്‍ പൊതുമേഖലയായതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരില്ലല്ലോ.

ജനുവരി 4, 2008

വിതുര ജഴ്സിഫാം

Filed under: തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 3:17 pm

3-1-08

വിതുര ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയത് രഹസ്യമായെന്ന് പരാതി

വിതുര: ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ ഭാരവാഹികളുടെയും പങ്കാളിത്തമില്ലാതെയാണ് വിതുര അടിപറമ്പ് ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയതെന്ന് പരാതി. അഞ്ചുലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാക്കി 20 നാടന്‍ പശുക്കളെയാണ് ഈ മാസം ആദ്യം ഫാമിലേക്ക് വാങ്ങിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഫാം ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ മൃഗഡോക്ടര്‍മാര്‍, ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗം, തൊഴിലാളി പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതിക്കായിരുന്നു പശുക്കളെ വാങ്ങാനുള്ള ചുമതല. എന്നാല്‍ ഈ സമിതിയുടെ ആദ്യയോഗം മാത്രമേ നടന്നുള്ളൂവെന്നാണ് ആക്ഷേപം. ഫാമില്‍ കറവ തുടങ്ങിയശേഷമാണ് സമിതിയിലെ പലരും പശുക്കളെ വാങ്ങിയതറിഞ്ഞത്.

നെടുമങ്ങാട് താലൂക്കിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് പശുക്കളെ വാങ്ങിയത്. ഇടനിലക്കാരുടെ സഹായത്തോടെയായിരുന്നു ഇത്.

ശരാശരി 25,000 രൂപയ്ക്ക് മുകളില്‍ ഒരു പശുവിന് വിലയായിട്ടുണ്ട്. എന്നാല്‍ ഇവയുടെ പാലുല്പാദനം അത്രത്തോളം മെച്ചമല്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിതുര ജഴ്സിഫാമില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പശുക്കളെ വാങ്ങിയത്. ഇതില്‍ അഴിമതി ഉണ്ടാവാതിരിക്കാന്‍ കൂടിയാണ് ബന്ധപ്പെട്ടവരുടെ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്.

കുറച്ച് ആടുകള്‍ മാത്രം അവശേഷിച്ച നിലയില്‍ ജഴ്സിഫാം ഏറെനാളായി അനാധാവസ്ഥയിലായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്ത പദ്ധതികളിലൂടെ ഫാം ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. പക്ഷേ, നവീകരണത്തിന്റെ പേരിലുള്ള അഴിമതി അനുവദിക്കാനാവില്ലെന്ന് അടിപറമ്പ് നിവാസികള്‍ പറയുന്നു. ഒരുകാലത്ത് നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിതുര ജഴ്സിഫാമിനെ തകര്‍ത്തതും ഇത്തരം അഴിമതികളായിരുന്നു.

അതേസമയം ഫാമിനുവേണ്ടി ആത്മാര്‍ഥമായി ജോലിചെയ്തത് ഇഷ്ടപ്പെടാത്ത ചിലരാണ് ദുഷ്പ്രചരണത്തിന് പിന്നിലെന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള ഡോ. ഷാജി റഹ്മാന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു.

4-1-08

വിതുര ജഴ്സിഫാം പ്രവര്‍ത്തനം സുതാര്യമെന്ന് ജില്ലാ പഞ്ചായത്തംഗം

വിതുര : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിതുര അടിപ്പറമ്പ് ജഴ്സിഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും പശുക്കളെ വാങ്ങിയത് രഹസ്യമായിട്ടാണെന്ന ജനുവരി മൂന്നിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലാ പഞ്ചായത്തംഗം എസ്.സഞ്ജയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പ്രാദേശീക കര്‍ഷകരില്‍ നിന്നും പശുക്കളെ വാങ്ങുന്നതിന് ആറു ലക്ഷം രൂപയാണ് അനുവദിച്ചത്. പശു വാങ്ങലിനായി രൂപവത്ക്കരിച്ച സമിതി നേരില്‍ക്കണ്ട് ബോധ്യപ്പെട്ട പശുക്കളെയാണ് വാങ്ങിയത്. 22 പശുക്കളെയും 21 കന്നുക്കുട്ടികളെയും വാങ്ങിയതിന് 4,84,000 രൂപ ചെലവായതായി സഞ്ജയന്‍ പറഞ്ഞു. ഇവയെ ഇന്‍ഷ്വര്‍ ചെയ്തതിന് 40,000 രൂപ, മരുന്ന് വാങ്ങിയതിന് 15,000 രൂപ, തൊഴുത്തിന്റെ അറ്റകുറ്റപ്പണിക്ക് 15,000 (വൈദ്യുതീകരണം, പ്ലമ്പിംഗ്, തറ), പശുക്കളെ കൊണ്ടുവന്നതിനും മറ്റും 21,000 രൂപ എന്നിങ്ങനെയും ചെലവ് വന്നിട്ടുണ്ട്. പ്രതിദിന പാലുല്പാദനം 250 നു മുകളിലാണെന്നും ജില്ലാ പഞ്ചായത്തംഗം അറിയിച്ചു.

ലേഖകന്റെ വിശദീകരണം

വിതുര ജഴ്സി ഫാമിലെ പശുവാങ്ങലിനെപ്പറ്റി ഉയര്‍ന്ന ആക്ഷേപങ്ങളെ കൂടുതല്‍ പ്രസക്തമാക്കുകയാണ് ജില്ലാ പഞ്ചായത്തംഗത്തിന്റെ പ്രസ്താവന. അതനുസരിച്ച് ശരാശരി ഒരു പശുവില്‍നിന്ന് കിട്ടുന്ന പരമാവധി പാല്‍ 11.3 ലിറ്ററാണ്. ഇത് പശുവിന്റെ വിലയുമായി പൊരുത്തപ്പെടുന്നില്ല. കാലിത്തൊഴുത്തിന്റെ വൈദ്യുതീകരണത്തിനും പ്ലമ്പിങ്ങിനും മറ്റുമായി 15,000 രൂപ ചെലവാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനായി പ്രാദേശികാടിസ്ഥാനത്തില്‍പ്പോലും ദര്‍ഘാസ് വിളിച്ചില്ല. പശു വാങ്ങലിനായി രൂപവത്ക്കരിച്ച സമിതി ഒറ്റ യോഗമേ കൂടിയിരുന്നുള്ളുവെന്ന ‘മാതൃഭൂമി’ വാര്‍ത്തയിലെ പരാമര്‍ശം ജില്ലാ പഞ്ചായത്തംഗം നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പശുവാങ്ങലിന് രഹസ്യ സ്വഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ ഇത് സാധൂകരിക്കുന്നു.

വാര്‍ത്തകള്‍ക്ക് കടപ്പാട്- മാതൃഭൂമി