മൃഗസംരക്ഷണ വാര്‍ത്തകള്‍

നവംബര്‍ 5, 2011

കാലികളില്‍ നൈട്രേറ്റ് വിഷമായി മാറിയാല്‍

Filed under: ക്ഷീരോത്പാദനം,നൈട്രേറ്റ്,നൈട്രൈറ്റ്,പശു — കേരളഫാര്‍മര്‍ @ 12:25 pm

ദീര്‍ഘനാളത്തെ വേനലിന് ശേഷം തളിര്‍ക്കുന്ന ഇളം പുല്ല് തിന്നാലും സ്ലറി പമ്പ് ചെയ്ത് പുല്‍കൃഷിചെയ്യുന്ന തളിര്‍ത്ത പുല്ല് തിന്നാലും കാലികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന നൈട്രേറ്റ് പോയിസണിംഗ് എന്ന രോഗം ഉണ്ടാവുന്നു. കാലികള്‍ക്ക് നൈട്രേറ്റ് വിഷമല്ലെങ്കിലും അമിതമായി നൈട്രേറ്റുള്ള ധാരാളം പുല്ല് ഭക്ഷിച്ചാല്‍ അത് പത്തിരട്ടി അപകടകാരിയായ നൈട്രൈറ്റായി മാറുന്നു. നൈട്രൈറ്റ് രക്തത്തിലെ ചുവന്ന രക്താണുക്കള്‍ ആഗിരണം ചെയ്യുകയും ഹീമോഗ്ലോബിനുമായി കലര്‍ന്ന് മെറ്റ്ഹീമോഗ്ലോബിന്‍ രൂപപ്പെടുകയും ചെയ്യുന്നു. മെറ്റ്ഹീമോഗ്ലോബിന് ഹീമോഗ്ലോബിന്‍ പോലെ ഓക്സിജന് വഹിച്ചുകൊണ്ട് സഞ്ചരിക്കാന്‍ കഴിയില്ല. അപ്പോള്‍ ഹൃദയസ്പന്ദനവും ശ്വസനവും വേഗത്തിലാവുന്നു. ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന സ്ലറിയില്‍ വളരുന്ന പുല്ലില്‍ നൈട്രേറ്റിന്റെ അളവ് കൂടുതലായിരിക്കും. മണ്ണില്‍ നൈട്രജന്‍ അളവ് കൂടിയാല്‍ അത് സസ്യങ്ങള്‍ നൈട്രേറ്റായി വലിച്ചെടുക്കുന്നു. മണ്ണിന്റെ അംമ്ലസ്വഭാവം, സള്‍ഫര്‍ അല്ലെങ്കില്‍ ഫോസ്ഫറസിന്റെ കുറവ്  താഴ്ന്ന അളവില്‍ ലഭിക്കുന്ന മോളിബ്ഡിനം എന്ന ട്രയിസ് എലിമെന്റ് താഴ്ന്ന അന്തരീക്ഷ താപനില എന്നിവസസ്യങ്ങള്‍ക്ക് നൈട്രേറ്റ്  വലിച്ചെടുക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നു. സസ്യങ്ങളിലെ മണ്ണിനോട് ചേര്‍ന്ന ഭാഗത്ത് നൈട്രേറ്റിന്റെ അളവ് കൂടുതലായിരിക്കും.  വിത്തിലും പൂവിലും നൈട്രേറ്റ് വളരെ കുറവായിരിക്കും. അമിതമായി രാസവളങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളിലെ വെള്ളത്തിലൂടെയും കാലികളില്‍ നൈട്രേറ്റ് എത്തിച്ചേരുന്നു. യൂറിയ കലര്‍ന്ന കാലിത്തീറ്റയും അപടകാരിയാണ്.  ആംഗലേയത്തിലുള്ള ഈ പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇവിടെയും കാണാം.

പ്രസവാനന്തരം  ആര്‍ത്തിയുള്ള കാലികള്‍ അമിതമായി പച്ച പുല്ല് തിന്നാന്‍ സാധ്യതയുണ്ട്. അപ്രകാരം അമിതമായി ഭക്ഷിക്കുന്നതിലൂടെ  ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആഹാരം കഴിക്കാതാകുകയും അയവെട്ടാതിരിക്കുകയും ചെയ്യും. അതോടൊപ്പം അയവെട്ടി ദഹിക്കാത്തതിനാല്‍ വയറിളക്കവും ഉണ്ടാകുന്നു. ക്രമേണ കഴുത്തിന് താഴെ ആടയോട് ചെര്‍ന്ന് നീര് പ്രത്യക്ഷപ്പെടുകയും വയറ്റില്‍ തട്ടിനോക്കിയാല്‍ പഴുത്ത ചക്കപോലിരിക്കുകയും ചെയ്യും. കാലിത്തീറ്റ കലക്കിവെച്ചാല്‍ പല്ലുകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് വെള്ളം വലിച്ച് കുടിക്കും. ഇവയെല്ലാം ചില രോഗലക്ഷണങ്ങളാണ്. രോഗം വര്‍ദ്ധിച്ചാല്‍ ശ്വാസം കിട്ടാതെ മരണംവരെ സംഭവിക്കാം. അതിനാല്‍ പച്ചപ്പുല്ലിനോടൊപ്പം ഉണങ്ങിയ വയ്ക്കോലും, ഗോതമ്പിന്റെ തവിട്, ഉണങ്ങിയ ഓല മുതലായവ കാലികള്‍ക്ക് ഭക്ഷണമായി നല്‍ക്കുന്നത് നല്ലതാണ്. കാലികളെ ചികിത്സിക്കാന്‍ മെത്തിലിന്‍ ബ്ലു എന്ന കെമിക്കല്‍ രക്തക്കുഴലിലൂടെ കടത്തിവിട്ടാണ് രോഗം ഭേദമാക്കാന്‍ കഴിയുക.  അതിലൂടെ ഹിമോഗ്ലോബിന് ഓക്സിജന്‍ വഹിച്ചുകൊണ്ട് സഞ്ചരിക്കാനുള്ള കഴിവ് ഉണ്ടാകും. ഭക്ഷ്യോത്പാദനം നടത്തുന്ന കാലികള്‍ക്ക് മെത്തിലിന്‍ ലബ്ലു നല്‍കുന്നത് എഫ്.ഡി.എ അംഗീകരിക്കാത്തതാണ്. ചികിത്സിക്കുന്നതിനായി മൃഗ ഡോക്ടറുടെ അഭിപ്രായം തേടണം.

എന്റെ ഒരു പശുവിന് നൈട്രേറ്റ് പോയിസണിംഗിന് ചികിത്സ ലഭിക്കാതെ  പോയെങ്കിലും മറ്റൊരു പശുവിന് അതേ അസുഖം ചികിത്സിച്ച് ഭേദമാക്കി. അതിന് എന്നെ സഹായിച്ചത് കേരള വെറ്റിറനറി പ്രൊഫസര്‍ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ ആണ്. ചികിത്സിച്ചത് ഡോ. വേണുഗോപാലും ആണ്.