മൃഗസംരക്ഷണ വാര്‍ത്തകള്‍

ജനുവരി 15, 2013

പശുവും പട്ടിയും കുറഞ്ഞു; ആടും പന്നിയും കൂടി

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം,പശു — കേരളഫാര്‍മര്‍ @ 4:40 pm
Tags: , ,

ന്യൂഡല്‍ഹി • ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്ന് ഇനി പറയുമ്പോള്‍ ഒന്നുറപ്പുവരുത്തിയേ പറയാവൂ. കാരണം കേരളത്തില്‍ പട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ബ്ളാക്ക്മാന്‍ പ്രതിഭാസവും തുടര്‍മോഷണങ്ങളും സംസ്ഥാനത്ത് വ്യാപകമാകുന്നതിനും കാരണം മറ്റൊന്നല്ല.

കള്ളനെ കാണുമ്പോള്‍ കൂട്ടത്തോടെ കുരയ്ക്കാനും പുറകെയോടാനും പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും പഴയപോലെ പട്ടികളില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ സംസ്ഥാനത്തു നടത്തിയ മൃഗ സെന്‍സസ് പ്രകാരം നായ്ക്കള്‍ മാത്രമല്ല, കന്നുകാലി സന്പത്തിലും വന്‍കുറവു വന്നതായി കണ്ടെത്തി. പുതിയ കണക്കെടുപ്പു പ്രകാരം പശുക്കളുടെ എണ്ണത്തില്‍ വലിയ പെരുമ പറയാനാവില്ല.

പശുവിനെയും എരുമയെയും ചേര്‍ത്താല്‍ ആകെയുള്ളത് 14.08 ലക്ഷം മാത്രം. മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. പാല്‍ തിളച്ചുയരുന്നതുപോലെ പാല്‍വില അടിക്കടി കൂടുന്നുണ്ടെങ്കിലും പശുവളര്‍ത്തല്‍ ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ കളംമാറി ചവിട്ടിയതാണ് തിരിച്ചടിക്കു കാരണം. വീടുകളില്‍ പരന്പരാഗതമായി പശുക്കളെ വളര്‍ത്തിയിരുന്നവരും തൊഴുത്ത് മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ തുടങ്ങി.

ഇതേ സമയം ആടുവളര്‍ത്തല്‍ ആദായകരമായി തുടരുകയാണ്. പശുവിനെ അപേക്ഷിച്ച് സംരക്ഷണച്ചെലവും കുറവാണ്. തീറ്റയും സുലഭം. മറ്റു കണക്കുകള്‍ ഇപ്രകാരം: കാള- 1.01 ലക്ഷം, ആട്- 12.37 ലക്ഷം, പന്നി- 52,000, മുയല്‍- 2.2 ലക്ഷം, താറാവ്- 14.77 ലക്ഷം, ടര്‍ക്കികോഴി- 48,000, കാടക്കോഴി- 1.68 ലക്ഷം, നാടന്‍കോഴി ഉള്‍പ്പെടെ മറ്റിനങ്ങള്‍ (ഗിനി, വാത്ത, അലങ്കാരക്കോഴികള്‍)-3.11 ലക്ഷം, ചെമ്മരിയാട്- 232 എണ്ണം.

ഭക്ഷ്യാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന മൃഗങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ടതിനാല്‍ ഇവയുടെ എണ്ണമെടുക്കലാണ് ആദ്യം പൂര്‍ത്തിയാക്കിയത്. പൂച്ച, വീടുകളില്‍ ഓമനിച്ചുവളര്‍ത്തുന്ന മറ്റു പക്ഷിമൃഗാദികള്‍ എന്നിവയുടെ കണക്കുകള്‍ പ്രത്യേകം തയാറാക്കും. നായ്്ക്കളുടെ എണ്ണം കൃത്യമായി ചോദിച്ചതിനാല്‍ ജില്ലാതലം മുതല്‍ വീണ്ടും പരിശോധിക്കുകയാണ്. വന്ധ്യംകരണം, അലഞ്ഞു തിരിഞ്ഞവയെ പിടികൂടുന്നത് എന്നിവ മൂലമാണ് നായ്്ക്കളുടെ എണ്ണം കുറഞ്ഞതെന്ന് അനുമാനിക്കുന്നു. കാള, പന്നി എന്നിവയുടെ എണ്ണം 2007ല്‍ നടന്ന കണക്കെടുപ്പിനേക്കാള്‍ വര്‍ധിച്ചു. കര്‍ഷകര്‍ക്ക് ലാഭം നല്‍കുന്നതിനു പുറമേ ഭക്ഷ്യആവശ്യങ്ങള്‍ക്കായി ഇവയുടെ ഉല്‍പാദനവും പരിപാലനവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിരുന്നു.

പശുക്കളുടെ എണ്ണത്തിലുണ്ടായ കുറവ് ആശങ്കയോടെയാണ് കാണുന്നതെന്ന് മൃഗ സംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു. പശുക്കള്‍ കുറഞ്ഞത് പാലിന്‍റെ ഗുണമേന്മയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോഷകാംശമുള്ള പാല്‍ സമൃദ്ധമായി ലഭിക്കുന്നതിനുള്ള പദ്ധതിക്കു രൂപം നല്‍കിക്കഴിഞ്ഞു. ഗോവര്‍ധിനി എന്നു പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും 100 പശുക്കളെ വളര്‍ത്താനാണ് തീരുമാനം. ഇതോടെ ഗ്രാമീണതലത്തില്‍ കറന്നെടുക്കുന്ന പാല്‍ ചൂടാറാതെ ആവശ്യക്കാരനു നല്‍കാനാകും.

നാടന്‍, വിദേശി ജനുസുകളെ ഇടകലര്‍ത്തിയാവും പദ്ധതി നടപ്പാക്കുക. കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ സോഫ്റ്റ്‌വെയറിലേക്ക് സെന്‍സസ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്‌യുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഒക്‌ടോബറില്‍ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പക്ഷിമൃഗാദികളുടെ കണക്ക്.

കടപ്പാട് – malayalam.yahoo.com

നവംബര്‍ 22, 2012

മൃഗസംരക്ഷണവകുപ്പിന് ഒരു മുന്നറിയിപ്പ്

കേരളത്തിലെ നെല്‍പ്പാടങ്ങള്‍ നശിച്ചതുപോലെ മൃഗസംരക്ഷണവും തകര്‍ച്ചയുടെ വക്കിലേയ്ക്ക് നീങ്ങുകയാണ്. കേരളത്തിന്റെ കാര്‍ഷിക നയം രൂപവത്ക്കരിക്കുവാനായി നടന്ന ചര്‍ച്ചയിലും ക്രോസ്ബ്രീഡ് ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനമാണ് കൈക്കൊണ്ടത്. ക്രോസ്ബ്രീഡ് ഇനങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും, ഭാരിച്ച തീറ്റച്ചെലവും, സമയത്തിന് ചെനപ്പിടിക്കാത്തതും, പുതു തലമുറയ്ക്ക് മൃഗസംരക്ഷണത്തില്‍ താല്പര്യമില്ലാത്തതും എല്ലാം ഇതിന്റെ നാശത്തിന് വഴിവെയ്ക്കുകയാണ്. അഞ്ച് പശുവില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ അതിനുവേണ്ടി നിഷ്കര്‍ഷിക്കുന്ന നൂലാമാലകള്‍ വേറെയും. വ്യാവസായികാടിസ്ഥാനത്തില്‍ നടക്കുന്ന ക്ഷീരോത്പാദനത്തിനും അധികം ആയുസ്സുണ്ടാവുമെന്ന് തോന്നുന്നില്ല. അത്തരത്തിലെ പല ക്ഷീര കര്‍ഷകരും പശുക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതായി കാണാം. വെറ്റിറനറി യൂണിവേഴ്‌സിറ്റിയുടെ  ഗവേഷണഫലമായ ബീറ്റാകേസിന്‍ എഒണ്‍ എന്ന വിപത്തും യൂണിവേഴ്‌സിറ്റിയുടെ സൈറ്റില്‍നിന്നും മറച്ചുവെച്ചിരിക്കുകയാണ്. കേരളത്തില്‍ വില്‍ക്കുന്ന കവര്‍ പാലുകളില്‍ ഏറിയ പങ്കും ഗുണനിലവാരമില്ലാത്തതാണ് എന്നത് അങ്ങാടിയില്‍ പാട്ടാണ്. ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് ക്രോസ്ബ്രീഡ് ഇനങ്ങള്‍ അറവുശാലകളിലേയ്ക്ക് പോകുന്നതാണ്. അതിന്റെ പ്രധാനകാരണം  ക്ഷീരോത്പാദകന് പ്രതീക്ഷയ്കനുസരിച്ച് ലാഭം കിട്ടുന്നില്ല എന്നതുതന്നെയാണ്.

അതേസമയം വടക്കന്‍ കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ കാസര്‍ഗോഡ് ഡ്വാര്‍ഫ്, വെച്ചൂര്‍ മുതലായ ഇനങ്ങളെ സന്തോഷത്തോടെ വളര്‍ത്തുന്നു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. അവിടെ ഒരു വനിതാ മൃഗഡോക്ടര്‍ ഇപ്പോള്‍ ഒന്നര വയസ്സു പ്രായമുള്ള കാസര്‍ഗോഡ് ഡ്വാര്‍ഫ് പശുക്കുട്ടിയെ പതിനായിരം രൂപ കൊടുത്ത് വാങ്ങി സന്തോഷത്തോടെ വളര്‍ത്തുന്നു. അവര്‍ പറയുന്നത് ഓഫീസ് സംബന്ധമായ ഒത്തിരി പണികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. രാത്രിയില്‍ ഉറക്കമൊഴിഞ്ഞിരുന്നാണ് ആ പണികള്‍ ചെയ്യുന്നത്. ഈ പശുക്കുട്ടിക്ക് തീറ്റ കൊടുക്കാന്‍ ബുദ്ധിമുട്ടേ ഇല്ല. ക്വാര്‍ട്ടേഴ്സിന്റെ ചുറ്റുപാടും ധാരാളം പുല്ലുണ്ട്. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ വീതം സമയം മതി അതിന്റെ ആഹാരത്തിന് പുല്ല് പറിച്ചെടുക്കാന്‍. വളരെക്കുറച്ച് തീറ്റ മതി എന്നത് ഇന്നത്തെ ചുറ്റുപാടില്‍ വളരെ ആശ്വാസം പകരുന്ന ഒന്നാണ്.  മറ്റൊരു വാഗ്ദാനം അവരെനിക്ക് തരുന്നത് തിരുവനന്തപുരത്ത് ഇത്തരം തനത് നാടന്‍ പശുക്കുട്ടികളെ വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ വേറെയും ഉണ്ടെങ്കില്‍ ഒരു ലോഡായി എത്തിക്കാന്‍ ശ്രമിക്കാം എന്നാണ്. അത്തരം രണ്ടു  പശുക്കുട്ടികളെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ്.

മൃഗസംരക്ഷണവകുപ്പും, ഉദ്യോഗസ്ഥരും ക്ഷീരോത്പാദന മേഖല നേരിടുന്ന വെല്ലുവിളികളെ മനസിലാക്കി നമ്മുടെ തനത് നാടന്‍ ഇനങ്ങളെ കര്‍ഷകരിലെത്തിക്കാന്‍ സഹായിക്കണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

‘Zero maintenance’

“My cows,” he points out, “are zero maintenance — they are native and do not need a high-input diet.” Read More >>>>

നവംബര്‍ 2, 2012

ക്ഷീരോത്പാദന മേഖല നേരിടുന്ന പ്രശ്നങ്ങള്‍

Filed under: ഗുണനിലവാരം,പശു,KVASU — കേരളഫാര്‍മര്‍ @ 8:58 am

ക്രോസ്‌ബ്രീഡ് പശുക്കളില്‍നിന്ന് ലഭിക്കുന്ന പാലില്‍ ബീറ്റാകേസിന്‍ A1 അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ലോകമെമ്പാടുമുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വെച്ചൂര്‍ പോലുള്ള തനത് നാടന്‍ ഇനങ്ങളിലെ ബീറ്റാകേസിന്‍ A2 ഹൃദ്രോഗത്തിനും, കൊച്ച് കുട്ടികളില്‍ ഉണ്ടാകുന്ന ഡയബറ്റിക്സിനും കാരണമാകുന്നില്ല എന്നുമാത്രമല്ല മറ്റ് അനേകം സവിശേഷതകള്‍ ഉള്ളതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  ഇത്തരം ഒരു പഠനം നടന്നതായിപ്പോലും കേരള വെറ്റിറനറി ഉദ്യോഗസ്ഥര്‍ക്കറിയില്ല. കാര്‍ഷിക നയം രൂപപ്പെടുത്തുവാനുള്ള ചര്‍ച്ചകളിലും വിദഗ്ധരുടെ അഭിപ്രായം ക്ഷീരോത്പാദനത്തിന് ക്രോസ്ബ്രീഡ് ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും നാടന്‍ ഇനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നുമാണ്.  ആറുപ്രസവത്തില്‍ക്കൂടുതല്‍ പരിപാലിക്കാന്‍ കഴിയാത്തതും, ഒരു പശുവിനുതന്നെ ആറോളം പശുക്കള്‍ക്ക് വേണ്ട തീറ്റ ആവശ്യമായി വരുന്നതും, കാലിത്തീറ്റ അമിതമായി കഴിക്കുന്നതിലൂടെ പെസ്റ്റിസൈഡുകളും മറ്റും പാലില്‍ കൂടുന്നതും, രോഗ ചികിത്സക്കായി നല്‍കുന്ന ഇഞ്ചെക്ഷനും മരുന്നുകളും മറ്റും പാലിലും ലഭ്യമാകുന്നതും നയം രൂപപ്പെടുത്തുന്നവര്‍ അറിയുന്നില്ല. ഇത്തരം തെറ്റായ നയങ്ങളെ ഭരണകൂട ഭീകരതയെന്നുമാത്രമെ വിശേഷിപ്പിക്കാന്‍ കഴിയൂ.

അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തണമെങ്കില്‍ പഞ്ചായത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്. കര്‍ഷകരെ സഹായിക്കുന്നതിനുപകരം പീഠനമുറകളാണ് നടപ്പിലാക്കപ്പെടുന്നത്. മൃഗസംരക്ഷണവകുപ്പ്  ഇന്‍സുമിനേഷനുവേണ്ടി മുപ്പത്തിയഞ്ചുരൂപ നിരക്കില്‍ കാശ് കൊടുത്ത് കെ.എല്‍.ഡി.എം.എം ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന ബീജം ഗുണനിലവാരമില്ലാത്തതിന് തെളിവാ​ണ് പശുക്കളെ പല പ്രാവശ്യം കുത്തിവെച്ചാലും ചെനപ്പിടിക്കാതെ പോകുന്നത്.  ഒരുകാലത്ത് പശുക്കുട്ടികള്‍ ക്ഷീരോത്പാദനം കൂടുവാന്‍ സഹായകമായി എങ്കില്‍ ഇന്ന് പശുക്കുട്ടികള്‍ വളര്‍ത്തിയെടുത്താല്‍ പാലുത്പാദനം കുറയുന്നതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്യസംസ്ഥാനങ്ങള്‍ക്ക് പ്രസ്തുത ബോര്‍ഡ് നല്ല ബീജം വില്‍ക്കുകയും ഗുണനിലവാരം ഇല്ലാത്ത ബീജം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അഞ്ച് പശുക്കളില്‍ക്കൂടുതല്‍ വളര്‍ത്തുവാന്‍ ബയോഗ്യാസ് പ്ലാന്റ് വേണമെന്നിരിക്കെ സ്ലറി എന്ന പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ അധികാരികള്‍ക്കോ, മൃഗസംരക്ഷണവകുപ്പിനോ യൂണിവേഴ്സിറ്റിക്കോ കഴിയുന്നില്ല.

മലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധമകറ്റുവാനും ലീച്ചിംഗ് ഒഴിവാക്കിയുള്ള കമ്പോസ്റ്റിംഗ് സാധ്യമാണെന്നിരിക്കെ ചാണകം പ്രയോജനപ്പെടുത്തുവാനുള്ള സംരംഭങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ജൈവമാലിന്യങ്ങളും, വിഷലിപ്തമായ ജൈവേതരമാലിന്യങ്ങളും കൂട്ടിക്കലര്‍ത്തി ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് കത്തിച്ച് പരിഹാരമില്ലാത്ത വിപത്തുകള്‍ക്ക് വഴിയൊരുക്കുകയാണ് ഭരണാധികാരികള്‍. വികേന്ദ്രീകൃത രീതിയില്‍ ഉറവിടത്തില്‍ നിന്ന് വേര്‍തിരിച്ച് സംഭരിക്കുന്ന ജൈവമാലിന്യങ്ങളെ വളരെ ലളിതമായി കുടുംബശ്രീ, ജനശ്രീ പോലുള്ളവരുടെ സേവനം ലഭ്യമാക്കി പരിഹാരം കാണാമെന്നിരിക്കെ അത്തരം ഒരു ഗവേഷണ ഫലം ശരിയായ രീതിയില്‍ പൊതുജനങ്ങളിലെത്തിക്കുന്നതില്‍ വെറ്റിറനറിയൂണിവേഴ്സിറ്റിയും താല്പര്യം കാണിക്കുന്നില്ല. സൈറ്റില്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സൈറ്റ് അഡ്മിനോടാവശ്യപ്പെട്ടാല്‍ കിട്ടുന്ന മറുപടി നിരാശാജനകമാണ്. മേലില്‍ സൈറ്റ് അഡ്മിന് കത്തയക്കരുതെന്നും, അഡ്മിന്‍ യൂണിവേഴ്സിറ്റി സ്റ്റാഫിനോട് മാത്രമെ കത്തിടപാട് നടത്തൂ എന്നുമാണ്. വിദേശ വിദഗ്ധരെ ക്ഷണിച്ചുവരുത്തി അനേകായിരങ്ങള്‍ പാഴാക്കുന്ന പ്രസ്തുത യൂണിവേഴ്സിറ്റി കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യുന്നു എന്ന് യൂണിവേവ്സിറ്റിയുടെ സൈറ്റ്  പരിശോധിക്കാവുന്നതാണ്.

70 പശുക്കളെ വളര്‍ത്തിയിരുന്ന ആന്റോ എന്ന ക്ഷീര കര്‍ഷകന്‍ 77-ാം വയസ്സില്‍ ഒരു സഹായത്തിനായി തിരുവനന്തപുരത്ത് നെട്ടോട്ടത്തിലാണ്. ഇതാണ് ഒരു പരിചയസമ്പന്നനായ ക്ഷീര കര്‍ഷകന്റെ ഗതി എങ്കില്‍ ഒരു പുതുമുഖത്തിന്റെ ഗതി എന്താവും? അദ്ദേഹത്തെ ഇന്റെര്‍വ്യൂ ചെയ്ത് ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നതായിരിക്കും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളാത്ത കാര്യങ്ങള്‍ ലോകം അറിയട്ടെ!!!!!

ഒക്ടോബര്‍ 9, 2012

പാല്‍ വില വര്‍ദ്ധനയുടെ പ്രയോജനം മില്‍മയ്ക്ക് മാത്രം

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം,പശു,മില്‍മ — കേരളഫാര്‍മര്‍ @ 9:23 am

പാല്‍ ലിറ്ററിന് അഞ്ചുരൂപ കൂടും

പുതിയ നിരക്ക് ഞായറാഴ്ച നിലവില്‍ വരും

കല്പറ്റ: പാല്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായി. അന്തിമതീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. പുതിയ നിരക്ക് ഞായറാഴ്ച നിലവില്‍വരും. കാലിത്തീറ്റയ്ക്ക് 225 രൂപവരെയും കൂട്ടാന്‍ ധാരണയായിട്ടുണ്ട് തിങ്കളാഴ്ച രാവിലെ മില്‍മ വയനാട് ഡെയറിയില്‍ ചേര്‍ന്ന പ്രോഗ്രാമിങ് കമ്മിറ്റി പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡയറക്ടര്‍ബോര്‍ഡ് തീരുമാനവും വിദഗ്ധസമിതി റിപ്പോര്‍ട്ടും വിശദമായി ചര്‍ച്ചചെയ്തു.

പാലുത്പാദനം കുറയുകയും ഉത്പാദനച്ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് യോഗം വിലയിരുത്തി. കാലിത്തീറ്റയ്ക്ക് വില കൂടിയതോടൊപ്പം വേണ്ടത്ര കിട്ടാനില്ലാത്ത സ്ഥിതിവിശേഷവുമുണ്ട്. മില്‍മ കുറഞ്ഞനിരക്കില്‍ കാലിത്തീറ്റ നല്‍കുന്നുണ്ടെങ്കിലും മൊത്തം വേണ്ടതിന്റെ 15 ശതമാനം മാത്രമാണിത്.

പ്രതിദിനം 500 ടണ്ണാണ് മില്‍മയുടെ ഉത്പാദനശേഷി. കാലിത്തീറ്റ വില്പനയില്‍ കഴിഞ്ഞ നാലുമാസത്തിനിടെ എട്ടുകോടി രൂപയുടെ നഷ്ടമാണ് മില്‍മയ്ക്കുണ്ടായത്. ഈ സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് 200-225 രൂപയെങ്കിലും കൂട്ടേണ്ടിവരും. ഇതിനനുസരിച്ച് പാല്‍വില അഞ്ചു രൂപവരെയും കൂട്ടാനാണ് തുടര്‍ന്നുനടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായത്.

ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം സര്‍ക്കാറിനെ അറിയിച്ചശേഷം വ്യാഴാഴ്ച വിലവര്‍ധന പ്രഖ്യാപിക്കാന്‍ ചെയര്‍മാനെ യോഗം ചുമതലപ്പെടുത്തി. നാഷണല്‍ ഡെയറി ഡെവലപ്‌മെന്‍റ് ബോര്‍ഡ് ജനറല്‍ മാനേജര്‍ വി.എസ്. ഖന്ന, ക്ഷീരവികസന ഡയറക്ടര്‍ ഐ. സരോജിനി, മില്‍മ മാനേജിങ് ഡയറക്ടര്‍ പി.കെ. പഥക്ക്, മലബാര്‍ മേഖലാചെയര്‍മാന്‍ പി.പി. ഗോപിനാഥപിള്ള തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

നേട്ടം ആര്‍ക്ക്? മില്‍മയ്ക്കുമാത്രം.

പാലിന് വിലകൂട്ടി അതോടൊപ്പം തീറ്റയ്ക്കും വിലകൂട്ടി മില്‍മ ഇരട്ടിലാഭം കൊയ്യും. ഒരു പശുപോലും വളര്‍ത്താതെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ പാലുത്പാദനത്തിന് മാതൃക കാട്ടാന്‍ സഹായിച്ച മില്‍മ ഇന്ന് പാലിനുവേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അത്തരത്തിലൊരവസ്ഥയില്‍ വേണം  ഇപ്പോഴത്തെ പാല്‍വില വര്‍ദ്ധനവിനെ കാണാന്‍.

അനേകം വര്‍ഷങ്ങളായി കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയാണ് ഇത്തരം കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. നമക്ക് എന്തുനേടാനായി എന്നത് അല്പം ചിന്തിക്കേണ്ട കാര്യമാണ്.

For every one Rupee increase in cost of cattle feed, milk price has to be increased at  rate of Rs1.70 per litre. Farmers associations must be given the privilege to fix the price of milk. Milk price has to be revised based on milk- feed price index. Breeding requires more attention to improve productivity of cattle. Read more >>>>

ഈ അവസരത്തിലാണ് പുതുതായി രൂപം കൊണ്ട വെറ്ററിനറി യൂണിവേഴ്സിറ്റിയെക്കുറിച്ച് ഓര്‍ത്തുപോകുന്നത്. പാലുത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ക്രോസ് ബ്രീഡ് ഇനങ്ങളെ പ്രചരിപ്പിച്ച് നമ്മുടെ തനത് നാടന്‍ പശുക്കളെ ഇല്ലായ്മ ചെയ്യുവാന്‍ കൂട്ടുനിന്നതിന്റെ പരിണിത ഫലമാണ് ഓരോ സെന്‍സസിലും പശുക്കളുടെ എണ്ണം കുറയുവാന്‍ കാരണമായത്. ബീറ്റാകേസിന്‍ A1 അടങ്ങിയ ക്രോസ്ബ്രീഡ് പശുക്കളുടെ പാല് ഹൃദ്രോഗവര്‍ദ്ധനവിന് മാത്രമെ ഉപകരിക്കൂ. കൂടുതല്‍ പാല്‍ തരുന്ന പശുക്കള്‍ക്ക് കൂടുതല്‍ തീറ്റയും വേണം. മാത്രവുമല്ല ഇത്തരം പശുക്കളെ പ്രസവാനന്തരം മൂന്നാംമാസം കുത്തിവെച്ച് ഗര്‍ഭിണിയായാല്‍ ആറ് പ്രസവത്തില്‍ക്കൂടുതല്‍ വളര്‍ത്തുക ബുദ്ധിമുട്ടാണ്. പലതരം രോഗങ്ങള്‍ക്കടിമപ്പെടുന്ന പശുവിന്റെ പാലിന്റെ ഗുണനിലവാരം പറയേണ്ട കാര്യമില്ലല്ലോ!!!  അതിനാലാണ് ബുദ്ധിമുട്ടനുഭവിച്ച പല കര്‍ഷകരും ക്ഷീരോത്പാദനം അവസാനിപ്പിച്ചത്. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി കാലാകാലങ്ങളില്‍ ക്ഷീരോത്പാദന ചെലവ് കണക്കാക്കി പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. ഒരു ബ്രീഡിംഗ് പോളിസി നമുക്കില്ലാത്തത് എന്തുകൊണ്ടാണ്?

വിദേശവിദഗ്ധരെ ക്ഷണിച്ചുവരുത്തി യൂണിവേഴ്സിറ്റിയില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചാല്‍ ക്ഷീരകര്‍ഷകര്‍ രക്ഷപ്പെടുമോ?  ഇല്ല ഒരിക്കലുമില്ല. നമുക്ക് വേണ്ടത് കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും അതിന് പരിഹാരം കാണുവാന്‍ കഴിയുന്ന യൂണിവേഴ്സിറ്റിയാണ്. ക്ഷീര കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകള്‍ നടത്തുകയും അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുകയും ചെയ്യുക എന്നുള്ളത് യൂണിവേഴ്സിറ്റിയുടെ കടമയാണ്.  ഇനി നമുക്ക് വേണ്ടത് കൂടുതല്‍ തീറ്റ നല്‍കി അമിതോത്പാദനമല്ല മറിച്ച് രോഗപ്രതിരോധശേഷിയുള്ള പശുക്കളാണ്.  ഒരു റിവേഴ്സ് ബ്രീഡിംഗ് ആണ് ഇനി നമുക്കാവശ്യം.

ഡോ.ഹരികുമാര്‍ എന്ന ശാസ്ത്രജ്ഞനെ കെ.ല്‍.ഡി.എം.എം ബോര്‍ഡ് എം.ഡി ഭീഷണിപ്പെടുത്തിയതായും കേള്‍ക്കുന്നു. തീര്‍ച്ചയായും പ്രസ്തുത ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതാണ്.

മാര്‍ച്ച് 8, 2012

പശുവിന്‍പാല്‍ കുടിക്കൂ കിഡ്നി മാറ്റിവെയ്ക്കൂ

Filed under: ഗുണനിലവാരം,ഘനലോഹങ്ങള്‍,പശു — കേരളഫാര്‍മര്‍ @ 10:03 am

വൃക്കയെ തകരാറിലാക്കുന്ന ഘനലോഹങ്ങള്‍ പശുവിന്‍ പാലിലും

നിലീന അത്തോളി

*പഠനം നടത്തിയത് കാസര്‍കോട്, വയനാട്, കഞ്ചിക്കോട് മേഖലകളില്‍
*കറുത്തീയം ശരീരത്തിലെത്തുന്നത് മുഴുവന്‍ അവയവങ്ങളേയും ബാധിക്കും
*കാഡ്മിയം വൃക്ക, കരള്‍, ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും

തൃശ്ശൂര്‍: വ്യാവസായികമേഖലയില്‍ ജീവിക്കുന്ന പശുക്കളുടെ പാലില്‍ ഘനലോഹങ്ങളുടെ അംശമുണ്ടെന്ന് പഠനം. വ്യവസായശാലകളുടെ സ്വാധീനം കന്നുകാലികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വെറ്ററിനറി സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വയനാട്, കാസര്‍കോട്, കഞ്ചിക്കോട് തുടങ്ങിയ മേഖലകളിലാണ് പഠനം നടത്തിയത്. കഞ്ചിക്കോട്ടെ പഠനത്തിന്റെ ഫലങ്ങളാണ് അപകടസൂചന തരുന്നത്. മറ്റു രണ്ടു സ്ഥലങ്ങളിലെ പഠനം പുരോഗമിക്കുകയാണ്.

പാലില്‍ ചെമ്പ്, രസം, കാഡ്മിയം, കറുത്തീയം തുടങ്ങിയവ അടങ്ങിയിട്ടുണ്ടോ എന്നാണ് പഠിച്ചത്. 0.1 പാര്‍ട്‌സ് പെര്‍ മില്യണ്‍ എന്ന അളവില്‍ കറുത്തീയവും കാഡ്മിയവും പാലില്‍ കണ്ടെത്തിയിട്ടുണ്ട്.ശരീരത്തില്‍ കറുത്തീയം നേരിട്ടെത്തുന്നത് മുഴുവന്‍ അവയവങ്ങളെയും ബാധിക്കും. ഈയത്തിന്റെ അംശമുള്ള പാല്‍ വളരെ നാള്‍ ഉപയോഗിക്കുന്നത് വൃക്കകളെ തകരാറിലാക്കും. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കാനും രക്തകോശങ്ങളെ നശിപ്പിക്കാനുമുള്ള ശേഷി കറുത്തീയത്തിനുണ്ടെന്ന് തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിജു കെ. ഗോപിനാഥ് പറയുന്നു.

കറുത്തീയത്തോളംതന്നെ അപകടകാരിയാണ് കാഡ്മിയവും. കാഡ്മിയം ശരീരത്തില്‍ ചെല്ലുന്നത് ശ്വാസകോശത്തെ ബാധിക്കും. വൃക്കരോഗങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും അര്‍ബുദത്തിനും എല്ലുപൊട്ടലിനും ഇത് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റിബയോട്ടിക് മരുന്നിന്റെ അംശങ്ങളും നേരിയ തോതില്‍ പാലില്‍ കണ്ടെത്തിയിട്ടുണ്ട്. അളവില്ലാതെ എത്തുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ മനുഷ്യന്റെ പ്രതിരോധശേഷിയെയും ചെറിയ തോതില്‍ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കേരളത്തില്‍ 1.8 ലക്ഷം ചെറുകിട വ്യവസായശാലകളും 500-ലധികം വന്‍കിട വ്യവസായശാലകളുമുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍, പെയിന്റ്, സ്റ്റീല്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒട്ടേറെ കമ്പനികള്‍ കഞ്ചിക്കോട്, എറണാകുളം തുടങ്ങിയ മേഖലകളിലുണ്ട്.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ വെറ്ററിനറി സര്‍വ്വകലാശാല അധ്യാപികയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. മൂന്നു വര്‍ഷത്തെ പഠന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കഞ്ചിക്കോട്ടെ വിവരങ്ങളാണ് തയ്യാറായിട്ടുള്ളത്.

കഞ്ചിക്കോട് മേഖലയിലെ ക്ഷീരകര്‍ഷകരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും പരാതിയെത്തുടര്‍ന്ന് പുല്ലിലും വെള്ളത്തിലും നടത്തിയ പഠനത്തില്‍ ലോഹാംശം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലാണ് പാലിലും രക്തത്തിലും പഠനം നടത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.

കടപ്പാട് – മാതൃഭൂമി

നവംബര്‍ 5, 2011

കാലികളില്‍ നൈട്രേറ്റ് വിഷമായി മാറിയാല്‍

Filed under: ക്ഷീരോത്പാദനം,നൈട്രേറ്റ്,നൈട്രൈറ്റ്,പശു — കേരളഫാര്‍മര്‍ @ 12:25 pm

ദീര്‍ഘനാളത്തെ വേനലിന് ശേഷം തളിര്‍ക്കുന്ന ഇളം പുല്ല് തിന്നാലും സ്ലറി പമ്പ് ചെയ്ത് പുല്‍കൃഷിചെയ്യുന്ന തളിര്‍ത്ത പുല്ല് തിന്നാലും കാലികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന നൈട്രേറ്റ് പോയിസണിംഗ് എന്ന രോഗം ഉണ്ടാവുന്നു. കാലികള്‍ക്ക് നൈട്രേറ്റ് വിഷമല്ലെങ്കിലും അമിതമായി നൈട്രേറ്റുള്ള ധാരാളം പുല്ല് ഭക്ഷിച്ചാല്‍ അത് പത്തിരട്ടി അപകടകാരിയായ നൈട്രൈറ്റായി മാറുന്നു. നൈട്രൈറ്റ് രക്തത്തിലെ ചുവന്ന രക്താണുക്കള്‍ ആഗിരണം ചെയ്യുകയും ഹീമോഗ്ലോബിനുമായി കലര്‍ന്ന് മെറ്റ്ഹീമോഗ്ലോബിന്‍ രൂപപ്പെടുകയും ചെയ്യുന്നു. മെറ്റ്ഹീമോഗ്ലോബിന് ഹീമോഗ്ലോബിന്‍ പോലെ ഓക്സിജന് വഹിച്ചുകൊണ്ട് സഞ്ചരിക്കാന്‍ കഴിയില്ല. അപ്പോള്‍ ഹൃദയസ്പന്ദനവും ശ്വസനവും വേഗത്തിലാവുന്നു. ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന സ്ലറിയില്‍ വളരുന്ന പുല്ലില്‍ നൈട്രേറ്റിന്റെ അളവ് കൂടുതലായിരിക്കും. മണ്ണില്‍ നൈട്രജന്‍ അളവ് കൂടിയാല്‍ അത് സസ്യങ്ങള്‍ നൈട്രേറ്റായി വലിച്ചെടുക്കുന്നു. മണ്ണിന്റെ അംമ്ലസ്വഭാവം, സള്‍ഫര്‍ അല്ലെങ്കില്‍ ഫോസ്ഫറസിന്റെ കുറവ്  താഴ്ന്ന അളവില്‍ ലഭിക്കുന്ന മോളിബ്ഡിനം എന്ന ട്രയിസ് എലിമെന്റ് താഴ്ന്ന അന്തരീക്ഷ താപനില എന്നിവസസ്യങ്ങള്‍ക്ക് നൈട്രേറ്റ്  വലിച്ചെടുക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നു. സസ്യങ്ങളിലെ മണ്ണിനോട് ചേര്‍ന്ന ഭാഗത്ത് നൈട്രേറ്റിന്റെ അളവ് കൂടുതലായിരിക്കും.  വിത്തിലും പൂവിലും നൈട്രേറ്റ് വളരെ കുറവായിരിക്കും. അമിതമായി രാസവളങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളിലെ വെള്ളത്തിലൂടെയും കാലികളില്‍ നൈട്രേറ്റ് എത്തിച്ചേരുന്നു. യൂറിയ കലര്‍ന്ന കാലിത്തീറ്റയും അപടകാരിയാണ്.  ആംഗലേയത്തിലുള്ള ഈ പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇവിടെയും കാണാം.

പ്രസവാനന്തരം  ആര്‍ത്തിയുള്ള കാലികള്‍ അമിതമായി പച്ച പുല്ല് തിന്നാന്‍ സാധ്യതയുണ്ട്. അപ്രകാരം അമിതമായി ഭക്ഷിക്കുന്നതിലൂടെ  ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആഹാരം കഴിക്കാതാകുകയും അയവെട്ടാതിരിക്കുകയും ചെയ്യും. അതോടൊപ്പം അയവെട്ടി ദഹിക്കാത്തതിനാല്‍ വയറിളക്കവും ഉണ്ടാകുന്നു. ക്രമേണ കഴുത്തിന് താഴെ ആടയോട് ചെര്‍ന്ന് നീര് പ്രത്യക്ഷപ്പെടുകയും വയറ്റില്‍ തട്ടിനോക്കിയാല്‍ പഴുത്ത ചക്കപോലിരിക്കുകയും ചെയ്യും. കാലിത്തീറ്റ കലക്കിവെച്ചാല്‍ പല്ലുകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് വെള്ളം വലിച്ച് കുടിക്കും. ഇവയെല്ലാം ചില രോഗലക്ഷണങ്ങളാണ്. രോഗം വര്‍ദ്ധിച്ചാല്‍ ശ്വാസം കിട്ടാതെ മരണംവരെ സംഭവിക്കാം. അതിനാല്‍ പച്ചപ്പുല്ലിനോടൊപ്പം ഉണങ്ങിയ വയ്ക്കോലും, ഗോതമ്പിന്റെ തവിട്, ഉണങ്ങിയ ഓല മുതലായവ കാലികള്‍ക്ക് ഭക്ഷണമായി നല്‍ക്കുന്നത് നല്ലതാണ്. കാലികളെ ചികിത്സിക്കാന്‍ മെത്തിലിന്‍ ബ്ലു എന്ന കെമിക്കല്‍ രക്തക്കുഴലിലൂടെ കടത്തിവിട്ടാണ് രോഗം ഭേദമാക്കാന്‍ കഴിയുക.  അതിലൂടെ ഹിമോഗ്ലോബിന് ഓക്സിജന്‍ വഹിച്ചുകൊണ്ട് സഞ്ചരിക്കാനുള്ള കഴിവ് ഉണ്ടാകും. ഭക്ഷ്യോത്പാദനം നടത്തുന്ന കാലികള്‍ക്ക് മെത്തിലിന്‍ ലബ്ലു നല്‍കുന്നത് എഫ്.ഡി.എ അംഗീകരിക്കാത്തതാണ്. ചികിത്സിക്കുന്നതിനായി മൃഗ ഡോക്ടറുടെ അഭിപ്രായം തേടണം.

എന്റെ ഒരു പശുവിന് നൈട്രേറ്റ് പോയിസണിംഗിന് ചികിത്സ ലഭിക്കാതെ  പോയെങ്കിലും മറ്റൊരു പശുവിന് അതേ അസുഖം ചികിത്സിച്ച് ഭേദമാക്കി. അതിന് എന്നെ സഹായിച്ചത് കേരള വെറ്റിറനറി പ്രൊഫസര്‍ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ ആണ്. ചികിത്സിച്ചത് ഡോ. വേണുഗോപാലും ആണ്.

ഒക്ടോബര്‍ 21, 2011

എന്റെ പശുവിന്റെ ഭാരം ഒറ്റ ദിവസം കൊണ്ട് 50 കിലോ കുറഞ്ഞു

Filed under: തിരുവനന്തപുരം,പശു — കേരളഫാര്‍മര്‍ @ 11:48 am

ഇരട്ട കുട്ടികളെ പ്രസവിച്ച പശുവിന്റെ ഭാരം അന്‍പത് കിലോഗ്രാമോളം കുറഞ്ഞു. ആദ്യം പ്രസവിച്ചത് പെണ്‍കുഞ്ഞ്, രണ്ടാമത്തേത് പെണ്‍കുട്ടിയുടെ ഇരട്ടിയോളം ഭാരമുള്ള മൂരിക്കുട്ടന്‍. ആദ്യ പ്രസവം കഴിഞ്ഞ് രണ്ടാമതും ഒരു കൈയ്യും തലയും വെളിയിലേയ്ക്ക് വന്നത് വലിച്ചെടുക്കേണ്ടിവന്നു. പ്രസവിച്ചാലുടന്‍ കുട്ടിയുടെ മൂക്ക് പിഴിഞ്ഞ് ശ്വസനം സാധ്യമാക്കും. മറ്റെ കൈ പിന്നോട്ട് മടങ്ങിയിരിക്കുകയായിരുന്നു. രണ്ടാമതായതുകൊണ്ട് വലിയൊരു ബുദ്ധിമുട്ടൊഴിവായിക്കിട്ടി.  പ്രസവിച്ചാലുടന്‍ തുണിമുറുക്കി കഴുത്തില്‍ കെട്ടി കയറുകൊണ്ട് പശുവിനടുത്ത് കെട്ടിയിടും. അതിനാല്‍ ദൂരത്തേയ്ക്ക് കുട്ടി പോകില്ല. രണ്ടും പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ വളര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടായേനെ.  ഇന്നലെ രാത്രി പത്ത് മണിക്കുശേഷമായിരുന്നു പ്രസവം.  പതിനൊന്നു മണിയടുപ്പിച്ച് മഞ്ഞപ്പാല്‍ കറന്നെടുത്ത് ഏകദേശം ഓരോ ലിറ്റര്‍ വീതം കുട്ടികളെ വിരല്‍ വെച്ച് കുടിപ്പിച്ചു. ആറുമാസം പ്രായമായ പശുക്കുട്ടിക്ക് ഒരു ലിറ്റര്‍ പാലില്‍ അത്രയും വെള്ളം ചേര്‍ത്ത് കുടിപ്പിച്ചു. ബാക്കി വന്ന അഞ്ച് ലിറ്ററോളം മഞ്ഞപ്പല്‍ ബയോഗ്യാസ് പ്ലാന്റിലൊഴിക്കേണ്ടിവന്നു. ഉത്തരേന്ത്യയില്‍ സ്വാദിഷ്ടവും വിലപിടിപ്പുള്ള ബേക്കറി പലഹാരമായി മാറുന്ന മഞ്ഞപ്പാല്‍ കേരളത്തില്‍ പാഴാക്കുന്നു. അത്തരം സാങ്കേതിക വിദ്യകള്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലൊരു കാര്യമായിരിക്കും. ഷെഡിനുള്ളിലേയ്ക്ക് നോക്കിയിരിക്കുന്ന കാക്കയെ മുകളിലുള്ള ചിത്രത്തില്‍ കാണാം. കാക്ക ശല്യം ഒഴിവാക്കാനായി പ്ലാസ്റ്റിക് നെറ്റുകൊണ്ട് കുട്ടികള്‍ക്ക് മറയുണ്ടാക്കി. സൌകര്യം കിട്ടിയാല്‍ കാക്ക കുട്ടികളുടെ കുളമ്പിന്റെ അടിവശത്തുള്ള വെളുത്തഭാഗം തിന്നുകളയും. പൊക്കിളുകള്‍ നാലിഞ്ച് നീളത്തില്‍ നൂലുകൊണ്ട് കെട്ടിയ ശേഷം ബാക്കി മുറിച്ചുകളഞ്ഞു. എന്നിട്ട് ടിഞ്ചര്‍ അയഡിനില്‍ മുക്കിവിട്ടു. മാവ് അല്ലെങ്കില്‍ മറുപിള്ള വീണത് (അഞ്ച് മണിക്കൂറന് ശേഷം പശു കിടക്കുമ്പോള്‍ ചെറിയ പ്രഷറില്‍ വെളിയിലേയ്ക്ക് വലിക്കാം) രാവിലെ മൂന്ന് മണിക്ക്. അത് ബയോഗ്യാസ് പ്ലാന്റിന് ഭക്ഷണം.

പശു നക്കിയാലും മാറാത്ത മാച്ച് കുട്ടികളുടെ ശരീരത്തില്‍ അവശേഷിച്ചാല്‍ മുടി കൊഴിഞ്ഞ് തൊലികാണുന്ന അവസ്ഥ ഉണ്ടാവും. അതിനാല്‍ ഇന്ന് രാവിലെ രണ്ട് കുട്ടികളെയും കുളിപ്പിച്ച് വെയിലത്ത് കിടത്തി.