മൃഗസംരക്ഷണ വാര്‍ത്തകള്‍

ഒക്ടോബര്‍ 9, 2012

പാല്‍ വില വര്‍ദ്ധനയുടെ പ്രയോജനം മില്‍മയ്ക്ക് മാത്രം

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം,പശു,മില്‍മ — കേരളഫാര്‍മര്‍ @ 9:23 am

പാല്‍ ലിറ്ററിന് അഞ്ചുരൂപ കൂടും

പുതിയ നിരക്ക് ഞായറാഴ്ച നിലവില്‍ വരും

കല്പറ്റ: പാല്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായി. അന്തിമതീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. പുതിയ നിരക്ക് ഞായറാഴ്ച നിലവില്‍വരും. കാലിത്തീറ്റയ്ക്ക് 225 രൂപവരെയും കൂട്ടാന്‍ ധാരണയായിട്ടുണ്ട് തിങ്കളാഴ്ച രാവിലെ മില്‍മ വയനാട് ഡെയറിയില്‍ ചേര്‍ന്ന പ്രോഗ്രാമിങ് കമ്മിറ്റി പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡയറക്ടര്‍ബോര്‍ഡ് തീരുമാനവും വിദഗ്ധസമിതി റിപ്പോര്‍ട്ടും വിശദമായി ചര്‍ച്ചചെയ്തു.

പാലുത്പാദനം കുറയുകയും ഉത്പാദനച്ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് യോഗം വിലയിരുത്തി. കാലിത്തീറ്റയ്ക്ക് വില കൂടിയതോടൊപ്പം വേണ്ടത്ര കിട്ടാനില്ലാത്ത സ്ഥിതിവിശേഷവുമുണ്ട്. മില്‍മ കുറഞ്ഞനിരക്കില്‍ കാലിത്തീറ്റ നല്‍കുന്നുണ്ടെങ്കിലും മൊത്തം വേണ്ടതിന്റെ 15 ശതമാനം മാത്രമാണിത്.

പ്രതിദിനം 500 ടണ്ണാണ് മില്‍മയുടെ ഉത്പാദനശേഷി. കാലിത്തീറ്റ വില്പനയില്‍ കഴിഞ്ഞ നാലുമാസത്തിനിടെ എട്ടുകോടി രൂപയുടെ നഷ്ടമാണ് മില്‍മയ്ക്കുണ്ടായത്. ഈ സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് 200-225 രൂപയെങ്കിലും കൂട്ടേണ്ടിവരും. ഇതിനനുസരിച്ച് പാല്‍വില അഞ്ചു രൂപവരെയും കൂട്ടാനാണ് തുടര്‍ന്നുനടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായത്.

ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം സര്‍ക്കാറിനെ അറിയിച്ചശേഷം വ്യാഴാഴ്ച വിലവര്‍ധന പ്രഖ്യാപിക്കാന്‍ ചെയര്‍മാനെ യോഗം ചുമതലപ്പെടുത്തി. നാഷണല്‍ ഡെയറി ഡെവലപ്‌മെന്‍റ് ബോര്‍ഡ് ജനറല്‍ മാനേജര്‍ വി.എസ്. ഖന്ന, ക്ഷീരവികസന ഡയറക്ടര്‍ ഐ. സരോജിനി, മില്‍മ മാനേജിങ് ഡയറക്ടര്‍ പി.കെ. പഥക്ക്, മലബാര്‍ മേഖലാചെയര്‍മാന്‍ പി.പി. ഗോപിനാഥപിള്ള തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

നേട്ടം ആര്‍ക്ക്? മില്‍മയ്ക്കുമാത്രം.

പാലിന് വിലകൂട്ടി അതോടൊപ്പം തീറ്റയ്ക്കും വിലകൂട്ടി മില്‍മ ഇരട്ടിലാഭം കൊയ്യും. ഒരു പശുപോലും വളര്‍ത്താതെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ പാലുത്പാദനത്തിന് മാതൃക കാട്ടാന്‍ സഹായിച്ച മില്‍മ ഇന്ന് പാലിനുവേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അത്തരത്തിലൊരവസ്ഥയില്‍ വേണം  ഇപ്പോഴത്തെ പാല്‍വില വര്‍ദ്ധനവിനെ കാണാന്‍.

അനേകം വര്‍ഷങ്ങളായി കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയാണ് ഇത്തരം കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. നമക്ക് എന്തുനേടാനായി എന്നത് അല്പം ചിന്തിക്കേണ്ട കാര്യമാണ്.

For every one Rupee increase in cost of cattle feed, milk price has to be increased at  rate of Rs1.70 per litre. Farmers associations must be given the privilege to fix the price of milk. Milk price has to be revised based on milk- feed price index. Breeding requires more attention to improve productivity of cattle. Read more >>>>

ഈ അവസരത്തിലാണ് പുതുതായി രൂപം കൊണ്ട വെറ്ററിനറി യൂണിവേഴ്സിറ്റിയെക്കുറിച്ച് ഓര്‍ത്തുപോകുന്നത്. പാലുത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ക്രോസ് ബ്രീഡ് ഇനങ്ങളെ പ്രചരിപ്പിച്ച് നമ്മുടെ തനത് നാടന്‍ പശുക്കളെ ഇല്ലായ്മ ചെയ്യുവാന്‍ കൂട്ടുനിന്നതിന്റെ പരിണിത ഫലമാണ് ഓരോ സെന്‍സസിലും പശുക്കളുടെ എണ്ണം കുറയുവാന്‍ കാരണമായത്. ബീറ്റാകേസിന്‍ A1 അടങ്ങിയ ക്രോസ്ബ്രീഡ് പശുക്കളുടെ പാല് ഹൃദ്രോഗവര്‍ദ്ധനവിന് മാത്രമെ ഉപകരിക്കൂ. കൂടുതല്‍ പാല്‍ തരുന്ന പശുക്കള്‍ക്ക് കൂടുതല്‍ തീറ്റയും വേണം. മാത്രവുമല്ല ഇത്തരം പശുക്കളെ പ്രസവാനന്തരം മൂന്നാംമാസം കുത്തിവെച്ച് ഗര്‍ഭിണിയായാല്‍ ആറ് പ്രസവത്തില്‍ക്കൂടുതല്‍ വളര്‍ത്തുക ബുദ്ധിമുട്ടാണ്. പലതരം രോഗങ്ങള്‍ക്കടിമപ്പെടുന്ന പശുവിന്റെ പാലിന്റെ ഗുണനിലവാരം പറയേണ്ട കാര്യമില്ലല്ലോ!!!  അതിനാലാണ് ബുദ്ധിമുട്ടനുഭവിച്ച പല കര്‍ഷകരും ക്ഷീരോത്പാദനം അവസാനിപ്പിച്ചത്. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി കാലാകാലങ്ങളില്‍ ക്ഷീരോത്പാദന ചെലവ് കണക്കാക്കി പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. ഒരു ബ്രീഡിംഗ് പോളിസി നമുക്കില്ലാത്തത് എന്തുകൊണ്ടാണ്?

വിദേശവിദഗ്ധരെ ക്ഷണിച്ചുവരുത്തി യൂണിവേഴ്സിറ്റിയില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചാല്‍ ക്ഷീരകര്‍ഷകര്‍ രക്ഷപ്പെടുമോ?  ഇല്ല ഒരിക്കലുമില്ല. നമുക്ക് വേണ്ടത് കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും അതിന് പരിഹാരം കാണുവാന്‍ കഴിയുന്ന യൂണിവേഴ്സിറ്റിയാണ്. ക്ഷീര കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകള്‍ നടത്തുകയും അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുകയും ചെയ്യുക എന്നുള്ളത് യൂണിവേഴ്സിറ്റിയുടെ കടമയാണ്.  ഇനി നമുക്ക് വേണ്ടത് കൂടുതല്‍ തീറ്റ നല്‍കി അമിതോത്പാദനമല്ല മറിച്ച് രോഗപ്രതിരോധശേഷിയുള്ള പശുക്കളാണ്.  ഒരു റിവേഴ്സ് ബ്രീഡിംഗ് ആണ് ഇനി നമുക്കാവശ്യം.

ഡോ.ഹരികുമാര്‍ എന്ന ശാസ്ത്രജ്ഞനെ കെ.ല്‍.ഡി.എം.എം ബോര്‍ഡ് എം.ഡി ഭീഷണിപ്പെടുത്തിയതായും കേള്‍ക്കുന്നു. തീര്‍ച്ചയായും പ്രസ്തുത ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതാണ്.

Advertisements

സെപ്റ്റംബര്‍ 7, 2011

വില കൂട്ടിയിട്ടും മില്‍മയ്ക്ക് പാല്‍ക്ഷാമം

Filed under: ക്ഷീരോത്പാദനം,മില്‍മ — കേരളഫാര്‍മര്‍ @ 6:52 am

തിരുവനന്തപുരം: വില കൂട്ടിയിട്ടും മില്‍മയുടെ പാല്‍ക്ഷാമം തീരുന്നില്ല. പ്രതിദിനം ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്നത്. ഓണമാകുന്നതോടെ പാല്‍ക്ഷാമം രൂക്ഷമാകാനാണ് സാധ്യത.

നിലവില്‍ 12 ലക്ഷം ലിറ്ററിലേറെ പാലാണ് മില്‍മ വിതരണം ചെയ്യുന്നത്. മില്‍മയുടെ ആഭ്യന്തര സംഭരണം ആറിനും ഏഴുലക്ഷം ലിറ്ററിനുമിടയിലാണ്. ക്ഷീരകര്‍ഷകര്‍ക്ക് മതിയായ വില നല്‍കിയാല്‍ ആഭ്യന്തര പാലുത്പാദനം വര്‍ധിക്കുമെന്നാണ് വിലകൂട്ടിയതിന് മില്‍മ പറഞ്ഞ വാദം. എന്നാല്‍ ഓണമായതോടെ മില്‍മയുടെ പ്രാഥമികസംഘങ്ങളില്‍ പ്രാദേശിക വില്പനയാണ് കൂടുതലായും നടക്കുന്നത്.

അഞ്ചുലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടകത്തില്‍ നിന്നും രണ്ടുലക്ഷം ലിറ്റര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് മില്‍മ സംഭരിക്കുന്നത്. കര്‍ണാടകത്തില്‍നിന്നും വാങ്ങുന്ന പാലിന് ലിറ്ററിന് 21.22 രൂപ നല്‍കണം. ഇതിനുപുറമെ മൂന്നുരൂപ ഗതാഗത ചെലവുമാവും. തമിഴ്‌നാട്ടില്‍ നിന്ന് ഒരു ലിറ്റര്‍ പാലിന് 21.28 രൂപയ്ക്കാണ് വാങ്ങുന്നത്. 1.50 രൂപ ഗതാഗതചെലവിനത്തിലും നല്‍കണം.

അഞ്ചുരൂപ ഒരു ലിറ്റര്‍ പാലിന് വര്‍ധിപ്പിക്കുമ്പോള്‍ 4.20 രൂപയും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ അറിയിച്ചത്. ഇതുപ്രകാരം 22.60 രൂപയാണ് വിലവര്‍ധനവിനുശേഷം ക്ഷീരകര്‍ഷകന് ലഭിക്കുക. മില്‍മതന്നെ നിയമിച്ച ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ഡോ. ഉണ്ണിത്താന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം ഒരുലിറ്റര്‍ പാലുത്പാദിപ്പിക്കാന്‍ ക്ഷീരകര്‍ഷകന് 26.20 രൂപ ആകുമെന്നാണ്. എന്നാല്‍ മില്‍മ ഇപ്പോള്‍ നല്‍കുന്നതാകട്ടെ 22.60 രൂപയാണ്. കൊഴുപ്പുകൂടിയ പാലിന് 23.50 രൂപയും നല്‍കുന്നു.

മില്‍മ തിരുവനന്തപുരം മേഖല 4.80 ലക്ഷം ലിറ്റര്‍ പാല്‍വിതരണം ചെയ്യുമ്പോള്‍ 1.6 ലക്ഷം ലിറ്ററേ ആഭ്യന്തര സംഭരണമുള്ളൂ. കൊച്ചിമേഖല 3.26 ലക്ഷം ലിറ്റര്‍ വിതരണം ചെയ്യുമ്പോള്‍ 1.6 ലക്ഷം ലിറ്റര്‍ ആഭ്യന്തരമായി സംഭരിക്കുന്നു. മലബാര്‍ മേഖലയില്‍ മാത്രമാണ് ആഭ്യന്തര സംഭരണം കൂടുതലുള്ളൂ. ഇവിടെ 4.2 ലക്ഷം ലിറ്റര്‍ വിതരണം ചെയ്യുമ്പോള്‍ 4 ലക്ഷം ലിറ്ററും ആഭ്യന്തരമായി സംഭരിക്കുന്നു.

ഓണക്കാലത്ത് 18.50 നും 20 ലക്ഷം ലിറ്ററിനുമിടയില്‍ പാല്‍ വിപണിയിലെത്തിക്കാനാണ് മില്‍മയുടെ പദ്ധതി. ഓണക്കാലത്ത് ആഭ്യന്തരസംഭരണം ഇനിയും കുറയുമെന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കേണ്ടിവരുന്നത് മില്‍മയ്ക്ക് വെല്ലുവിളിയാവും.

കടപ്പാട് – മാതൃഭൂമി

മാര്‍ച്ച് 8, 2010

മില്‍മയ്ക്ക് മാത്രം പാലില്ല: ഭരണസമിതിക്കാരുടെ സംഘങ്ങളിലെ പാല്‍ സ്വകാര്യവിപണിയില്‍

Filed under: ക്ഷീരോത്പാദനം,മില്‍മ — കേരളഫാര്‍മര്‍ @ 5:49 am

തിരുവനന്തപുരം: മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകളിലും പാല്‍ പ്രതിസന്ധി രൂക്ഷമാവുമ്പോഴും മില്‍മ ഭരണസമിതി അംഗങ്ങളുടെ സംഘങ്ങളിലെ പകുതിയിലേറെ പാലും വിറ്റ് പോകുന്നത് സ്വകാര്യ വിപണിയില്‍. ഇതോടെ ക്ഷീര സംഘങ്ങളില്‍ നിന്ന് 25 ശതമാനം മില്‍മയ്ക്ക് അധികം പാല്‍ സംഭരിക്കാമെന്ന മന്ത്രി സി. ദിവാകരന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.

സംസ്ഥാനത്ത് മില്‍മയുടെ പാല്‍ സംഭരണം താളം തെറ്റുന്നതിനിടെ മൂവായിരത്തിലേറെ വരുന്ന ക്ഷീരസംഘങ്ങള്‍ പാല്‍വില ലിറ്ററിന് രണ്ടുരൂപ മുതല്‍ മൂന്നുരൂപവരെ കൂട്ടി. പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടണമെന്ന് മില്‍മ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടയ്ക്ക് അംഗ സംഘങ്ങള്‍ പാല്‍വില കൂട്ടിയത് സര്‍ക്കാരിനെ പാല്‍വില കൂട്ടാന്‍ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ആക്ഷേപമുണ്ട്.

വേനലായതോടെ മില്‍മ കേരളത്തില്‍ സംഭരിക്കുന്ന പാലിന്റെ അളവ് ആറ് ലക്ഷം ലിറ്ററായി കുറഞ്ഞു. രണ്ടുമാസം മുന്‍പുള്ള കണക്കനുസരിച്ച് ഏകദേശം ഒന്നരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായി. എന്നാല്‍ മൂവായിരത്തോളം വരുന്ന മില്‍മയുടെ അംഗസംഘങ്ങളും സംഭരിക്കുന്ന പാലിന്റെ പകുതിയിലേറെയും സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നതാണ് മില്‍മയ്ക്ക് പാല്‍ ലഭിക്കാതിരിക്കുന്നതിന് കാരണം.

മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പ്രസിഡന്റായിരിക്കുന്ന വയനാട്ടിലെ തെന്നേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്ന് പ്രതിദിനം 300 മുതല്‍ 400 ലിറ്റര്‍ പാല്‍വരെ സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നു.

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ബി.പി. ഗോപിനാഥപിള്ള പ്രസിഡന്റായ കോഴിക്കോട് ജില്ലയിലെ മുക്കം ക്ഷീരോത്പാദക സഹകരണസംഘത്തില്‍ പ്രതിദിനം 400 – 500 ലിറ്റര്‍ പാല്‍ സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നു. കൊച്ചി മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.പി. ജയന്‍ പ്രസിഡന്റായ നോര്‍ത്ത് പറവൂര്‍ ഇലന്തിക്കര ക്ഷീര സംഘത്തില്‍ പ്രതിദിനം സംഭരിക്കുന്ന 300 ലിറ്റര്‍ പാലിന്റെ പകുതിയും പ്രദേശത്തുതന്നെ വിറ്റഴിക്കുകയാണ്.

പാല്‍ക്ഷാമം അതിരൂക്ഷമായ തിരുവനന്തപുരത്ത് മേഖലാ യൂണിയന്റെ ചെയര്‍മാന്‍ കല്ലട രമേശ് പ്രസിഡന്റായ ഈസ്റ്റ് കല്ലട ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്ന് പ്രതിദിനം 400 – 500 ലിറ്റര്‍ പാല്‍ സ്വകാര്യ വിപണിയില്‍ വിറ്റഴിക്കുന്നു. മില്‍മയുടെ ഒന്‍പത് ഭരണസമിതിയംഗങ്ങള്‍, മേഖലാ യൂണിയനുകളിലെ 36 ഭരണ സമിതി അംഗങ്ങള്‍ എന്നിവരുടെയും ക്ഷീര സംഘങ്ങളിലെ ആഭ്യന്തര പാല്‍ സംഭരണത്തിന്റെ പകുതിയും സ്വകാര്യ മേഖലയില്‍ വിറ്റുപോവുകയാണ്.

മില്‍മയുടെ പാല്‍ പ്രതിസന്ധി പരിഹരിക്കാനായി മന്ത്രി സി. ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്ഷീരസംഘങ്ങളിലെ ‘ലോക്കല്‍ സെയില്‍’ തടഞ്ഞ് 25 ശതമാനം മില്‍മയ്ക്ക് അധികപാല്‍ സംഭരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ രണ്ടുമാസം പിന്നിടുമ്പോഴും ആഭ്യന്തര പാല്‍സംഭരണത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ മില്‍മയ്ക്കായില്ല. ഇതിനിടയിലാണ് മില്‍മ ഭരണസമിതിക്കാര്‍ ഉള്ള അംഗസംഘങ്ങളില്‍ മൂന്ന് രൂപവരെ പാല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

കടപ്പാട് – മാതൃഭൂമി

ഫെബ്രുവരി 14, 2008

മില്‍മയുടെ നഷ്ടത്തെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി

Filed under: മില്‍മ — കേരളഫാര്‍മര്‍ @ 1:06 pm

തിരുവനന്തപുരം: കാലാകാലങ്ങളില്‍ പാല്‍വില വര്‍ധിപ്പിച്ചിട്ടും മില്‍മയ്ക്ക് നഷ്ടം സംഭവിക്കുന്നതെന്താണെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എം.സി. സഞ്ജീവ്പട്ജോഷിക്ക് മന്ത്രി സി. ദിവാകരന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ നഷ്ടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മില്‍മയുടെ വരവുചെലവ് കണക്കുകള്‍, പ്രവര്‍ത്തനശൈലി, കൊഴുപ്പും കൊഴുപ്പിതരഖരപദാര്‍ത്ഥങ്ങളും അടിസ്ഥാനമാക്കി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പ്രതിഫലം എന്നിവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ സ്വന്തം തീരുമാനപ്രകാരമാണ് വില ഉറപ്പിച്ച് പാല്‍ വാങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ സൊസൈറ്റികള്‍ക്ക് നല്‍കുന്ന തുക ഇവിടത്തെ കര്‍ഷകര്‍ക്ക് നല്‍കിയാല്‍ കൂടുതല്‍ പാല്‍ സംഭരിക്കാന്‍ കഴിയില്ലേയെന്ന് മന്ത്രി മില്‍മ എം.ഡി.യോട് ആരാഞ്ഞിട്ടുണ്ട്.

ആവശ്യമില്ലാത്ത തസ്തികകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഏതാനും വര്‍ഷം മുമ്പുവരെയും ലാഭത്തിലായിരുന്നു മില്‍മ.

പാല്‍വില ഉയര്‍ത്താന്‍ ധാരണയായ ഫിബ്രവരി 8ന് തന്നെയാണ് നഷ്ടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മന്ത്രി സഞ്ജീബ് പട്ജോഷിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ആന്ധ്രപ്രദേശിലായിരുന്ന ജോഷി ബുധനാഴ്ച മടങ്ങിവന്നിട്ടേയുള്ളൂ. ഉടന്‍ ഇത് സംബന്ധിച്ച അന്വേഷണം നടക്കുമെന്നാണ് അറിയുന്നത്.

കടപ്പാട്- മാതൃഭൂമി 14-02-08

ഫെബ്രുവരി 11, 2008

സര്‍ക്കാര്‍ സഹായത്തോടെ മില്‍മ റിച്ചാവുന്നു

Filed under: മില്‍മ — കേരളഫാര്‍മര്‍ @ 10:08 am

കര്‍ഷകരില്‍നിന്നും 14 രൂപയ്ക്ക് പാല്‍ സംഭരിച്ച് അതില്‍ നിന്ന് നിശ്ചിത ശതമാനം വെണ്ണ നീക്കം ചെയ്തശേഷം വെള്ളവും പാല്‍പ്പൊടിയും കൂട്ടിക്കലര്‍ത്തി 24 രൂപയ്ക്ക് തൈര് വില്‍ക്കുവാന്‍ കഴിയുന്ന മില്‍മ റിച്ച് ആകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അറിയുവാനുള്ള അവകാശം വിനിയോഗിച്ച് പ്രതി വര്‍ഷം മില്‍മ വാങ്ങിയതെത്ര വിറ്റതെത്ര എന്ന ഒരു കണക്ക് ലഭിച്ചാല്‍ എത്രലക്ഷം ലിറ്റര്‍ വെള്ളം പാലായിമാറി എന്ന് മനസിലാക്കുവാന്‍ കഴിയും. ഇതോടൊപ്പം ചുവടെകാണുന്ന പത്രവാര്‍ത്തയും വായിക്കുക.

മില്‍മ വീണ്ടും റിച്ച് പാല്‍ വിപണിയിലിറക്കുന്നു

തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ച റിച്ച് പാല്‍ മില്‍മ വീണ്ടും വിപണിയിലിറക്കുന്നു. കൊഴുപ്പ് കൂട്ടിയ ഈ പാലിന് 22 രൂപയാണ് പുതിയ വില. വിവാഹപ്പാര്‍ട്ടികള്‍ക്കും ഹോട്ടലുകാര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയംകരമായ പാലെന്ന നിലയിലാണ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ വീണ്ടും റിച്ച് പാല്‍ കമ്പോളത്തിലെത്തിക്കുക. നേരത്തേ സര്‍ക്കാര്‍ പാല്‍വില കൂട്ടാതെ വന്ന സാഹചര്യത്തില്‍ താരതമ്യേന വിലകൂടിയ മില്‍മ റിച്ച് പാല്‍ കൂടുതലിറക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കാന്‍ മില്‍മ നിര്‍ബന്ധിതമാകുകയായിരുന്നു.

നിലവില്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച രണ്ടുരൂപ മില്‍മയുടെ നഷ്ടം നികത്താന്‍ പര്യാപ്തമല്ലാത്തതാണ് റിച്ച് പാല്‍ വീണ്ടും ഇറക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള പാല്‍വരവ് പകുതിയായി കുറഞ്ഞതോടെ മഹാരാഷ്ട്രയിലേക്ക് പോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ മില്‍മയ്ക്ക് മുന്നിലുള്ളത്. അങ്ങനെ വന്നാല്‍ 4.30 രൂപയുടെ നഷ്ടമാണുണ്ടാവുക. കര്‍ണാടകത്തില്‍ നിന്നും ഇപ്പോള്‍ നഷ്ടത്തിലാണ് പാലെടുക്കുന്നത്. രണ്ടുരൂപ കൂട്ടിയെങ്കിലും മില്‍മയ്ക്ക് ലഭിക്കുന്നത് 30 പൈസ മാത്രമാണ്. ഇനിയും കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ് പാലിനൊപ്പം റിച്ച് പാലും വില്‍പ്പനയ്ക്കെത്തിക്കാന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സൂചന.

പാലിനൊപ്പം പാല്‍ ഉത്പ്പന്നങ്ങള്‍ക്കും വില ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ തന്നെ ഏറെ ആവശ്യക്കാരുള്ള മില്‍മയുടെ ഒരു ലിറ്റര്‍ തൈരിന് ഇനി മുതല്‍ 24 രൂപ നല്‍കേണ്ടിവരും. ഫിബ്രവരി 12 നാണ് വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ ഇതിന് 22 രൂപയായിരുന്നു വില.

അതേസമയം പാല്‍ വിലവര്‍ദ്ധന സാധാരണക്കാരന്റെ കുടുംബബജറ്റ് അവതാളത്തിലാക്കിയിരിക്കുകയാണ്. നഗരവാസികളാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാല് രൂപയാണ് പാല്‍ വില ഉയര്‍ന്നത്. നഗരപ്രദേശത്തുള്ളവര്‍ മിക്കവാറും ആശ്രയിക്കുന്നത് മില്‍മയെയാണ്. ഇവര്‍ക്കാകട്ടെ ടോണ്‍ഡ് പാല്‍ ലഭിച്ചില്ലെങ്കില്‍ റിച്ച് പാല്‍ വാങ്ങേണ്ടിയും വരും. ഗ്രാമീണ മേഖലയില്‍ മില്‍മയെ ആശ്രയിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണ്. ഗാര്‍ഹിക ഉത്പാദകരില്‍ നിന്ന് ലഭിക്കുന്ന പാലിന് മില്‍മപാലിന്റെ വില നല്‍കേണ്ടതുമില്ല. രണ്ടു മുതല്‍ മൂന്നുരൂപവരെ വിലകുറച്ച് പാല്‍ കിട്ടുന്നതോടൊപ്പം വിശ്വാസത്തോടെ വാങ്ങാമെന്നതും ഇവര്‍ക്ക് അനുഗ്രഹമാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നഗരങ്ങളില്‍ ചേക്കേറിയിട്ടുള്ള ജീവനക്കാരടക്കമുള്ളവര്‍ക്കാണ് പാല്‍വിലവര്‍ദ്ധന ഇരുട്ടടിയാകുന്നത്. മാത്രവുമല്ല ഉയര്‍ന്നവില നല്‍കിയാലും യഥേഷ്ടം പാല്‍ കിട്ടാത്ത സ്ഥിതിയും ഇവര്‍ക്കുണ്ട്.

എന്നാല്‍ അടിയന്തരമായി പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിനോട് മന്ത്രി സി. ദിവാകരന് താത്പര്യമുണ്ടായിരുന്നില്ല. മില്‍മ ചെയര്‍മാനടക്കമുള്ള പ്രതിനിധികള്‍ക്ക് വില ഉയര്‍ത്താമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റേയും കേന്ദ്രമന്ത്രി ശരത്പവാറുമായുള്ള ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായത്. വില കൂട്ടിയില്ലെങ്കില്‍ പാലെടുക്കില്ലെന്ന മില്‍മയുടെ ഭീഷണി സര്‍ക്കാരിന്റെ മുന്നില്‍ വിലപ്പോകില്ലെന്ന് പരസ്യമായി വെല്ലുവിളിച്ച മന്ത്രി വിലവര്‍ദ്ധനയെ സംബന്ധിച്ച് മില്‍മാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കടപ്പാട്- മാതൃഭൂമി 11-02-08 

കൂടാതെ മംഗളം വാര്‍ത്തയും കൂട്ടിച്ചേര്‍ത്ത് വായിക്കുക.

കാശില്ലെങ്കിലും ലക്ഷങ്ങള്‍ മുടക്കി കാശിക്കു പോകാന്‍ മില്‍മ ഉന്നതര്‍